എരുമേലി: ഒരു നൂറ്റാണ്ട് മുമ്പ് നോയൽ സായിപ്പ് സ്ഥാപിച്ച എരുമേലിയിലെ ഏറ്റവും ആദ്യത്തെ സ്കൂളായ കനകപ്പലം എൻഎംഎൽപി സ്കൂൾ 108 വയസിലേക്ക്.എഡ്വിൻ ഹണ്ടർ നോയൽ എന്ന ഇംഗ്ലണ്ടുകാരനായ മിഷനറി ഈ സ്കൂൾ സ്ഥാപിച്ചപ്പോൾ ഒരു ചെമ്പകമരം മുറ്റത്ത് നട്ടിരുന്നു.
ആ മരം ഒരു നൂറ്റാണ്ടിന്റെ പ്രായവുമായി ഇന്നും തണൽ പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ സ്കൂളുകൾ കേരളത്തിൽ നോയൽ സായിപ്പ് സ്ഥാപിച്ചിരുന്നു. ആ സായിപ്പിനെ നേരിൽക്കണ്ട പഴയ തലമുറയിൽ ഇന്ന് ഏതാനും പേരേ ജീവിച്ചിരിപ്പുള്ളൂ. അവരിൽ മൂന്നുപേരെ സ്കൂളിന്റെ ശതാബ്ദി ആഘോഷ വേളയിൽ ആദരിച്ചിരുന്നു.
1916ലാണ് സ്കൂൾ സ്ഥാപിച്ചത്. ഓട് മേഞ്ഞ പഴയ കെട്ടിടം അതേപടി നിലനിർത്തി പിന്നീട് നവീകരിച്ചു. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ പേര്. സായിപ്പിന്റെ മരണത്തോടെ ഓർമയ്ക്കായി നോയൽ മെമ്മോറിയൽ സ്കൂൾ എന്ന പേരായി. ഒന്നുമുതൽ നാലു വരെയാണ് അധ്യയനം. നൂറോളം കുട്ടികളുണ്ട്.
കോർപറേറ്റ് മാനേജർ ഡോ. എം.പി. ജോസഫ്, അസിസ്റ്റന്റ് മാനേജർ കെ.എം. ജോൺസൺ, ജോയിന്റ് സെക്രട്ടറി കെ.പി. ബേബി, ലോക്കൽ മാനേജർ എം.എ. മാത്യു, ടോം ഏബ്രഹാം, എസ്എസ്ജി അംഗങ്ങളായ സി.എസ്. മാത്യു, ചെറിയാൻ പുന്നൂസ് നടുവത്ര, ജോൺ ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു. ഹെഡ്മിസ്ട്രസ് എം. സിന്ധു ഉൾപ്പെടെ അഞ്ച് അധ്യാപകരും മൂന്ന് ജീവനക്കാരുമുണ്ട്. ക്ലാസ് മുറികളെല്ലാം ടൈലിട്ടു. പഴയ കതകുകളും ജനാലകളും മാറ്റി.
ഫാനും ലൈറ്റും ലാപ്ടോപ്പുകളും എൽസിഡി പ്രൊജക്ടറുകളും സ്ഥാപിച്ചു. സ്കൂൾ ബസുമുണ്ട്. കൂടാതെ മൾട്ടിപർപ്പസ് ഹാൾ, എംഎൽഎ ഫണ്ടിലും പഞ്ചായത്ത് ഫണ്ടിലും നിർമിച്ച ശൗചാലയങ്ങൾ, മൈനർ പാർക്ക്, മഴവെള്ള സംഭരണി അങ്ങനെ ആധുനിക മാറ്റങ്ങൾ ഏറെ വന്നെങ്കിലും എല്ലാത്തിന്റെയും പിന്നിലെ മഹനീയ സ്മരണയായി മുൻവശത്ത് പ്രവേശന കവാടത്തിൽ നോയൽ സായിപ്പിന്റെ പേര് തിളങ്ങി നിൽക്കുന്നു.