മോണ്ട്രിയൽ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് മത്സരത്തിനിടെ രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നു. മോണ്‍ട്രിയലിന് എതിരായ എവേ പോരാട്ടത്തിന്റെ ആദ്യപകുതിയിലായിരുന്നു സംഭവം.
മോണ്ട്രിയൽ ഡിഫെൻഡർ ജോർജ് കാംബെലിന്റെ ഫൗളിൽ മെസി നിലത്തുവീണു. തുടർന്ന് മെഡിക്കൽ ടീം മൈതാനത്ത് എത്തി. റഫറി ജോർജ് കാംബെലിന് കാർഡ് നൽകിയില്ല. ഇതോടെയാണ് മെസിക്ക് രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടിവന്നത്. മെസിയെ ഫൗൾ ചെയ്തതിന് ഇന്റർ മയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മാറ്റിയാസ് റോജസ് (44’) പന്ത് മനോഹരമായി വളച്ച് വലയിലാക്കുകയും ചെയ്തു.
എംഎസ്എല്ലിലെ പുതിയ നിയമം അനുസരിച്ച് ഫൗളേറ്റ് വീഴുന്ന താരം 15 സെക്കൻഡിൽ അധികം മൈതാനത്ത് ചെലവഴിക്കുകയും മെഡിക്കൽ സംഘം പരിചരണത്തിനായി കളത്തിൽ എത്തുകയും ചെയ്താൽ രണ്ട് മിനിറ്റ് പുറത്തുപോകണം. ഫൗൾ ചെയ്ത താരത്തിന് കാർഡ് ലഭിച്ചില്ലെങ്കിലാണിത്. രണ്ട് മിനിറ്റ് പുറത്തിരിക്കേണ്ടവന്ന മെസി തികച്ചും അസംതൃപ്തനായിരുന്നു. ഈ നിയമം കളിക്ക് ഗുണം ചെയ്യില്ലെന്ന് സൈഡ് വരയ്ക്കു പുറത്തുനിന്ന് മെസി കാമറ നോക്കി പറഞ്ഞു.
ഇഞ്ചുറി ടൈമിൽ (90+2’) ലൂയിസ് സുവാരസിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ താരം മൈതാനം വിടാൻ താമസിച്ചതിനും പുതിയ നിയമത്തിന്റെ ഇടപെടലുണ്ടായി. പകരക്കാരനായി കളത്തിലെത്തേണ്ടിയിരുന്ന ലിയോനാർഡോ കാന്പാനയ്ക്ക് ഒരു മിനിറ്റ് കഴിഞ്ഞേ കളത്തിൽ ഇറങ്ങാൻ ഫോർത്ത് റഫറി അനുമതി നൽകിയുള്ളൂ.
സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന കളിക്കാരൻ 10 സെക്കൻഡിൽ മൈതാനം വിട്ടില്ലെങ്കിൽ പകരക്കാരനായി ഇറങ്ങേണ്ട താരത്തെ 60 മിനിറ്റ് വൈകിപ്പിക്കാൻ ഫോർത്ത് റഫറിക്ക് അധികാരമുണ്ടെന്നതാണ് എംഎസ്എല്ലിലെ പുതിയ നിയമം.
മത്സരത്തിൽ 2-0നു പിന്നിലായ ഇന്റർ മയാമി, തിരിച്ചടിച്ച് 3-2ന്റെ ജയം സ്വന്തമാക്കി. 27 പോയിന്റുമായി ഈസ്റ്റേണ്‍ കോണ്‍ഫറൻസ് ടേബിളിൽ ഇന്റർ മയാമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.