കരടികൾ മരത്തിൽ കയറുമോ..? എക്സിൽ പങ്കുവച്ച മനോഹരമായ വീഡിയോയിലൂടെ കരടികൾക്കു മരം കയറാൻ കഴിയില്ലെന്ന മിഥ്യാധാരണകളെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ തിരുത്തിയെഴുതുന്നു.
വീഡിയോയ്ക്ക് അടിക്കുറിപ്പായി പർവീൺ ഇങ്ങനെയെഴുതി: “”ഒരാൾ മരത്തിൽ കയറി കരടിയിൽനിന്നു തന്റെ ജീവൻ രക്ഷിച്ചതിന്റെ കഥ നിങ്ങളും ചിലപ്പോൾ കേട്ടിരിക്കും. കുട്ടിക്കാലത്തെ ഇത്തരം കഥകൾ നമ്മളിൽ അദ്ഭുതവും ആവേശവുമെല്ലാം സൃഷ്ടിച്ചിട്ടുണ്ടാകാം. എന്നാൽ നാടോടിക്കഥകളും യാഥാർഥ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു കറുത്ത ഹിമാലയൻ അമ്മക്കരടിയും കുട്ടിയും മരത്തിൽ കയറിയിറങ്ങുന്ന വീഡിയോ കാണൂ…”
ആരും കൗതുകത്തോടെ നോക്കിനിന്നുപോകുന്ന ദൃശ്യങ്ങളാണിത്. ഓരോ ചുവടും വളരെ കൃത്യമായി വച്ചാണു കരടികൾ മരത്തിൽനിന്നിറങ്ങുന്നത്. ഇടയ്ക്ക് അമ്മക്കരടി തന്റെ കുഞ്ഞിനെ ഇറങ്ങാൻ സഹായിക്കുന്നതും കാണാം.
കുട്ടിക്കരടിയെ മരം കയറ്റം പഠിപ്പിക്കുകയാണോ അമ്മക്കരടി എന്നും തോന്നിപ്പോകും വീഡിയോ കണ്ടാൽ. പതിനായിരക്കണക്കിനാളുകളാണു വീഡിയോ കണ്ടത്. വ്യത്യസ്തമായ വീഡിയോ ഹിമാലയൻ കരടികളുടെ കഴിവുകൾ വ്യക്തമാക്കുന്നതായി പ്രതികരണങ്ങളിൽ പലരും അഭിപ്രായപ്പെട്ടു.
You all must have heard story how a friend saved his life from Bear by climbing a tree. Here a Himalayan Black Bear mother and cub showing how our childhood was a lie !! Captured this yesterday. pic.twitter.com/15pLH1D6HX
— Parveen Kaswan, IFS (@ParveenKaswan) May 9, 2024