വൈപ്പിന്‍: പുതുവൈപ്പ് ബീച്ചില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് വീട്ടില്‍ ബോബന്റെ മകന് മിലന് (20), ഗാന്ധിനഗര്‍ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകന് ആല്വിന് (20) എന്നിവരാണ് ഇന്ന് പുലർച്ചെ മരിച്ചത്.
ഒപ്പം കടലിൽ കുളിക്കാനിറങ്ങിയ ഇവരുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും കലൂർ കതൃക്കടവിൽ താമസിക്കുന്നതുമായ പത്ത് മുറി വെള്ളേപ്പറമ്പില്‍ സുരേന്ദ്രന്‍പിള്ളയുടെ മകന് അഭിഷേക് (21) ഇന്നലെ മരിച്ചിരുന്നു.
ഇന്നലെ രാവിലെ ആറിന് കലൂരിൽ നിന്നെത്തിയ ഏഴംഗസംഘത്തിൽ ആറു പേർ കടലില്‍ കുളിച്ചു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. വലിയ തിരമാലയിൽ പെട്ട് ആറു പേരും മുങ്ങിപ്പോയി. ഇവരിൽ മൂന്നുപേര്‍ കരയിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. എന്നാൽ മറ്റു മൂന്നുപേരെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
ഈ സമയം ബീച്ചില്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്ന വൈപ്പിന്‍ ബീച്ച് ക്ലബിലെയും ഡോള്‍ഫിന്‍ ക്ലബിലെയും അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.കടലിൽ മുങ്ങിയ മൂന്ന് പേരിൽ ആദ്യം മിലനേയും ആൽവിനേയും പിന്നീട് അഭിഷേകിനേയും മുങ്ങിയെടുത്ത് കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു. ഐടിഐ പാസായ അഭിഷേക് കടവന്ത്രയിലെ ഹീറോ സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ്. അമ്മ: കവിത.
മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കരുനാഗപ്പിള്ളിയിൽ സംസ്കരിച്ചു. മിലൻ കളമശേരി സെന്റ് പോൾസ് കോളജ് രണ്ടാം വർഷ ബിരുധ വിദ്യാർഥിയാണ്. ആൽവിൻ ഓട്ടോമൊബൈൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി.