ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ തുടർ പരാജയങ്ങളുമായി നിർഭാഗ്യ ടീമെന്ന ഖ്യാതിയോടെ ആരാധകർക്ക് നിരാശ സമ്മാനിച്ച ടീമാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. മികച്ച ടീമായിട്ടും ജയിക്കാൻ സാധിക്കുന്നില്ല.
ആദ്യ ആറ് മത്സരങ്ങളിൽ ഒരു ജയം മാത്രം. എന്നാൽ, പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരിൽനിന്ന് തുടർച്ചയായ അഞ്ച് ജയങ്ങളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് ആർസിബി. ഡൽഹി ക്യാപിറ്റൽസിനെ 47 റണ്‍സിന് തോൽപ്പിച്ചാണ് ആർസിബി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയത്.
ഡൽഹിക്കെതിരായ വിജയത്തിനുശേഷം ബംഗളൂരു ടീമിന്റെ വിജയാഘോഷം വൈറലായി. പ്ലേ ഓഫ് സാധ്യത നിലനിർത്തിയെന്നതിനാൽ ഡ്രസിംഗ് റൂമിൽ പരിശീലക സ്റ്റാഫടക്കം എല്ലാവരും ഉച്ചത്തിൽ ആർത്തുവിളിച്ച് ജയം ആഘോഷിച്ചു.
ഇത്രയും വലിയൊരു ആഘോഷം മറ്റൊരു മത്സരത്തിലും ബംഗളൂരുവിൽനിന്ന് കണ്ടിട്ടില്ലെന്നതാണ് വസ്തുത. വിജയാഘോഷത്തിന്റെ വീഡിയോ ആർസിബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രജത് പാട്ടിദാർ, കാമറോണ്‍ ഗ്രീൻ അടക്കമുള്ള താരങ്ങൾ മതിമറന്ന് ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം.
അതേസമയം ഡൽഹിയുടെ അവസാന ബാറ്ററായ കുൽദീപ് യാദവിന്റെ സ്റ്റംപ് യാഷ് ദയാൽ പിഴുതപ്പോൾ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ ഗാലറിയിലിരുന്ന് കൈകൂപ്പി പ്രാർഥിക്കുന്ന ചിത്രവും വൈറലായി.
തുടർച്ചയായ ജയങ്ങളോടെ ബംഗളൂരു തിരിച്ചുവരുന്നത് ഇതാദ്യമല്ല. 2009, 2016 സീസണിലും സമാന രീതിയിൽ ആർസിബി തിരിച്ചെത്തി ഫൈനലിൽ പ്രവേശിച്ചിരുന്നു. 2011 സീസണാണ് ബംഗളൂരുവിന്റെ തുടർ വിജയങ്ങളിൽ (ഏഴ്) ഏറ്റവും മികച്ചത്.