തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർ പണിമുടക്കിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് (40) യാത്രയായി. മസ്കറ്റിൽവച്ച് തളർന്നു വീണതിനെത്തുടർന്ന് കഴിഞ്ഞ ഏഴാം തിയതിയാണ് കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ അമൃത സി.രവി ഇദ്ദേഹത്തെ കാണുന്നതിനായി 8 ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കൽ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തെന്ന് അറിഞ്ഞത്.
ഭർത്താവ് ഐസിയുവിലാണ് തനിക്ക് പോകണമെന്ന് കേണപേക്ഷിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല. പിറ്റേ ദിവസം ഇതിനു പകരം ടിക്കറ്റ് നൽകാമെന്ന് വാക്ക് നൽകി അമൃതയെ തിരികെ അയച്ചു. എന്നാൽ അത് വെറുംവാക്കു ആയിരുന്നു എന്ന് പിറ്റേന്ന് തിരക്കിയപ്പോഴാണ് മനസിലായത്.
സമരം തീരാത്തതിനാൽ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഒടുവിൽ അമൃത തന്റെ യാത്ര റദ്ദാക്കി. തനിക്ക് പോകാൻ സ്ധിച്ചില്ലങ്കിലും ഭർത്താവ് ചികിത്സയ്ക്കായി നാട്ടിലേക്ക് വരുമെന്ന പ്രതീക്ഷയിൽ പ്രാർഥനോടെ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു അമൃത.
നഴ്സിങ് വിദ്യാർഥിനിയാണ് അമൃത. ഇന്നലെ രാവിലെ ആശുപത്രിയിൽ നമ്പി രാജേഷ് മരിച്ചു. മസ്കറ്റിൽ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. സമരമുണ്ടായിരുന്നില്ലെങ്കിൽ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം പറയുന്നു.