തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ അറസ്റ്റിലായി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
കേസിലെ എട്ടു പ്രതികളിൽ ഏഴുപേരെ അന്വേഷണ സംഘം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന ഒരു പ്രതിയെ പിടികൂടാൻ അന്വേഷണം തുടരുകയാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
കരമന ഇടഗ്രാമം മരുതൂർകടവിൽ പ്ലാവിള വീട്ടിൽ അഖിലിനെ കഴിഞ്ഞ ദിവസമാണ് ഇരുന്പ് കന്പികൊണ്ടും കല്ലിനും ഇടിച്ച് അക്രമി സംഘം കൊലപ്പെടുത്തിയത്. കൈമനം സ്വദേശികളായ വിനീത്, അഖിൽ അപ്പു, സുമേഷ്, കിരണ്കൃഷ്ണൻ, ഹരിലാൽ ഉൾപ്പെടെ ഏഴ് പേരെയാണ് രണ്ട് ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
കരമന അനന്തു വധക്കേസിലെ പ്രതികളാണ് അഖിലിനെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം 27 ന് പാപ്പനംകോട്ടെ ബാറിൽവച്ച് അഖിലും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തിയത്.
ഗുഢാലോചന നടത്തി തയാറെടുപ്പുകളോടെയാണ് പ്രതികൾ കൃത്യം നടത്തിയതെന്നും കൊലപാതകത്തിൽ മൂന്ന് പ്രതികൾക്ക് മാത്രമാണ് നേരിട്ടു പങ്കുള്ളതെന്നുമാണ് നിലവിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്.