ഇരിട്ടി: കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഒന്നര വർഷത്തിനുള്ളിൽ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും സംഘവും ചേർന്ന് പിടികൂടിയത് 50 രാജവെമ്പാലകളെ.
ചന്ദനക്കാംപാറ സ്വദേശി ബിജോയുടെ പറമ്പിൽ നിന്നുമാണ് അൻപതാമത്തെ രാജവെമ്പാലയെ പിടികൂടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വനംവകുപ്പിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരുന്ന ഫൈസൽ 1800 ഓളം വിഷ പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
പാന്പ്പിടിക്കൽ രംഗത്ത് സജീവമായ ഫൈസലും സംഘവും മലയോരത്ത് എവിടെ നിന്നും ഏതു സമയത്ത് വിളിച്ചാലും അവിടെ എത്താറുണ്ട് . ഇന്നലെ തന്നെ അഞ്ച് മൂർഖൻ പാമ്പിനെയും ഒരു പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു. പലപ്പോഴും വളരെ അപകടകരമായ സാഹചര്യത്തിലാണ് പാമ്പുകളെ പിടികൂടുന്നത്.
പാമ്പുകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടുകയാണ് ചെയ്യാറുള്ളത്. അപകടകരമായ ജോലി ആണെങ്കിലും ജനങ്ങൾ വിശ്വാസത്തോടെ വിളിക്കുമ്പോൾ അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നു എന്നതായാണ് ഏറ്റവും അഭിമാനം തോന്നുന്ന നിമിഷമെന്ന് ഫൈസൽ വിളക്കോട് രാഷ്ട്രദീപികയോട് പറഞ്ഞു.