ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി കൊമേഡിയന്‍ ശ്യാം രംഗീല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ മത്സരിക്കുന്നതിനായാണ് ശ്യാം നാമനിര്‍ദേശ പത്രിക നല്കാന് എത്തിയത്.
എന്നാൽ പത്രിക സമർപ്പണത്തിന് ഉദ്യോഗസ്ഥര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിപ്പെട്ടിരിക്കുകയാണ് ശ്യാം രംഗീല. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്ന മോക്ക് വിഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ശ്യാം രംഗീല. ലോകസഭാ തെരഞ്ഞെടുപ്പിൽ താന്‍ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുമെന്ന് നേരത്തേ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ശ്യാമിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ വിമുഖത കാട്ടുകയാണ്. തന്നെപ്പോലെ നിരവധി ആളുകളെ പ്രധാനമന്ത്രിയ്ക്കെതിരേ മത്സരിക്കുന്നതില്‍ നിന്ന് വാരണസിയിലെ ജില്ലാ മജിസ്ട്രേറ്റ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നു ശ്യാം ആരോപിച്ചു. ഓഫിസിന്റെ പരിസരത്തുപോലും പ്രവേശിപ്പിക്കുന്നില്ലെന്നും ശ്യാം കൂട്ടിച്ചേർത്തു.