ചെന്നൈ: ലൈംഗിക തൊഴിലിന് പങ്കാളിയെ നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരേ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്ത് ചെന്നൈ പോലീസ്. പാരീസ് കോർണറിലെ ക്ഷേത്രത്തിലെ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരേ സ്വകാര്യ ടെലിവിഷൻ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയാണ് പരാതി നൽകിയത്.
ലൈംഗിക തൊഴിൽ ചെയ്യണമെന്ന ആവശ്യം എതിർത്തതിനെ തുടർന്ന് ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാരി എൻജിനീയറിംഗ് ബിരുദധാരിയാണ്.
ഒരിക്കൽ മദ്യപിച്ചെത്തിയ പൂജാരി പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകുകയും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തു.
ഇതിനിടയിൽ നിർബന്ധിച്ച് യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി. പിന്നീടാണ് യുവതിയെ ലൈംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിച്ചത്. സംഭവത്തിൽ കേസെടുത്ത വിരുഗമ്പാക്കം ഓൾ വിമൻ പോലീസ് അന്വേഷണം ആരംഭിച്ചു.