ചെങ്ങന്നൂര്‍: ആറു മക്കളും കൈയൊഴിഞ്ഞതോടെ പുലിയൂര് കൊച്ചുകുന്നുംപുറത്ത് വീട്ടില്‍ ചെല്ലമ്മാള്‍ എന്ന തൊണ്ണൂറുകാരിക്ക് ഇനി ആശ്രയം കിടങ്ങന്നൂരിലെ കരുണാലയം അമ്മവീട്.
ചെങ്ങന്നൂർ ആര്‍ഡിഒ ഓഫീസിലെത്തുമ്പോള്‍ രണ്ടാമത്തെ മകന് എത്തി തന്നെ ഏറ്റെടുക്കുമെന്നായിരുന്നു ഈ അമ്മയുടെ പ്രതീക്ഷ. എന്നാല്‍ ആരും വന്നില്ല. എഴുപത്തിനാലുകാരനായ മൂത്തമകന്റെ കൂടെയായിരുന്നു ഇതുവരെയും. ചെല്ലമ്മാളുടെ ആറുമക്കളിൽ അഞ്ചുപേരും ആണുങ്ങളാണ്.
ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഫെബ്രുവരിയില്‍ നടന്ന അനുരഞ്ജന യോഗത്തിന്റെ തീരുമാനപ്രകാരം ഓരോ മക്കളും രണ്ടുമാസം വീതം അമ്മയെ നോക്കണമെന്നാണ്.
എന്നാല്‍, രണ്ടാമത്തെ മകൻ അതിന് തയാറായില്ല. മറ്റുമക്കളെ വിളിച്ചെങ്കിലും അവരും ഒഴിഞ്ഞുമാറി. അതോടെയാണ് ചെല്ലമ്മാളെ കരുണാലയത്തിലേക്ക് അയയ്ക്കാന്‍ നിര്‍ബന്ധിതമായത്.
ചെല്ലമ്മാളുടെ ഭര്‍ത്താവ് നാണപ്പന് ആശാന് നാലുപതിറ്റാണ്ട് മുമ്പെ മരിച്ചു. ആകെയുണ്ടായിരുന്നത് വാഴൂരില്‍ മൂന്ന് സെന്റ് സ്ഥലമായിരുന്നു. 15 വര്‍ഷം മുമ്പ് അത് വിറ്റ് തുക മക്കൾക്ക് വീതിച്ചുനല്‍കിയിരുന്നു.കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെട്ട ചെല്ലമ്മാളിന് കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട്.
നടക്കാനും ബുദ്ധിമുട്ടുണ്ട്. ആര് ഡിഒ ജി. നിര്‍മല്‍കുമാര്‍, ജൂണിയര്‍ സൂപ്രണ്ട് സുഭാഷ്, സൂപ്രണ്ട് സിന്ധുകുമാരി, സെക്ഷന്‍ ക്ലര്‍ക്ക് ഹരികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചെല്ലമ്മാളിനെ കരുണാലയത്തിലേക്ക് കൊണ്ടുപോയത്. ദൈനംദിന ആവശ്യങ്ങൾക്കായി മക്കളിൽ നിന്ന് ഒരു തുക ചെല്ലമ്മാളുടെ അക്കൗണ്ടിലേക്കിടാൻ നടപടി സ്വീകരിക്കുമെന്ന് ആർഡിഒ പറഞ്ഞു.