വെള്ളറട: ലഹരി മാഫിയ നടത്തിയ വ്യാപക ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും തകർത്തു. കണ്ണന്നൂരില്‍ യുപി സ്കൂളിന് സമീപത്ത് ഇന്നലെ രാത്രിയാണ് കഞ്ചാവ് മാഫിയുടെ അഴിഞ്ഞാട്ടം നടന്നത്. അക്രമി സംഘം കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടുകയായിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മൂന്നു ബൈക്കുകള്‍ കവര്‍ന്നു. അക്രമികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടിന് തുടങ്ങിയ ആക്രമണം രാത്രി 12 വരെ നീണ്ടു. കണ്ണന്നൂര്‍ ഹെവന്‍ ക്വാര്‍ട്ടേഴ്സില്‍ ജയകുമാറിന്റെ വീടിനു മുന്നിലിരുന്ന സ്കൂട്ടർ അക്രമികൾ തകര്‍ത്തു. വീടിന്റെ കതകും ജനല്‍ പാളികളും തകര്‍ത്തു. അതുവഴി പോവുകയായിരുന്ന പാസ്റ്റര്‍ അരുണിനെ വെട്ടിപ്പരിക്കേല്പിച്ചു. അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പൂരി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിത, ഭര്‍ത്താവ് രതീഷ് എന്നിവരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന്നൂര്‍ റോഡ് വഴി രാത്രിയില്‍ പോയ കാല്‍നട യാത്രക്കാരെ അടക്കം കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമികള്‍ ഓടിച്ചിട്ട് ആക്രമിച്ചു. പ്രദേശത്തുനിന്നു മൂന്ന് ബൈക്കുകളും ആക്രമികള്‍ കവര്‍ന്നു.
അക്രമികളില്‍ ഒരാളായ ജിബിന്‍ റോയി എന്ന അമ്പൂരി സ്വദേശിയെ നാട്ടുകാര്‍ ഓടിച്ചു പിടികൂടി പോലീസിന് കൈമാറി. മറ്റുള്ളവർ രക്ഷപ്പെട്ടു.വീടുകയറി ആക്രമിച്ചതിനും വീടിനു മുന്നില്‍ പാര്‍ക്ക്ചെയ്തിരുന്ന ബൈക്ക് തകര്‍ത്തതിനും ജയകുമാര്‍ വെള്ളറട പോലീസില്‍ പരാതി നല്കി. ആകെ എത്രപേര്‍ക്ക് പരിക്കേറ്റു എന്ന വിവരം ഇനിയും പുറത്ത് വന്നിട്ടില്ല. അക്രമത്തിന്റെ കാരണവും വ്യക്തമല്ല.
കണ്ണന്നൂര്‍ സ്കൂളും പരിസരപ്രദേശവും കഞ്ചാവ് മാഫിയയുടെ പിടിയില്‍ അമര്‍ന്നിട്ട് നാളുകള്‍ ഏറെയായെന്ന് പ്രദേശവാസികള്‍ പറയുന്നു.അക്രമികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും അക്രമികളെ ഉടന്‍ പിടികൂടി മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ് പറഞ്ഞു.