അള്‍ജിയേഴ്സ്: രണ്ട് പതിറ്റാണ്ടിലേറെയായി കാണാതായ യുവാവിനെ 26 വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാനും മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ വീട്ടില്‍നിന്നും കണ്ടെത്തി. അള്‍ജീരിയയിലെ ജെല്ഫാ നഗരത്തിലാണ് സംഭവം.
അള്‍ജീരിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ, 1998ല്‍ ബി. ഒമര്‍ എന്ന പത്തൊമ്പതുകാരനെ കാണാതായിരുന്നു. യുദ്ധം നിമിത്തം തട്ടിക്കൊണ്ടു പോകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായിട്ടാണ് അദ്ദേഹത്തിന്റെ കുടുംബം കരുതിയത്.
വര്‍ഷങ്ങള്‍ക്കിപ്പുറം അനന്തരവകാശത്തര്ക്കവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഒമറിന്റെ സഹോദരന് ഈ കാണാതാകലിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് അല്‍ജീരിയന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ഒമറിനെ വെറും 200 മീറ്റര്‍ അകലെയുള്ള ഒരാളുടെ വീട്ടില്‍നിന്നും കണ്ടെത്തുകയുമായിരുന്നു.
61 കാരനായ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇത്രയും വര്‍ഷം പ്രതി ഒമറിനെ എങ്ങനെ ഒളിപ്പിച്ചു എന്നതിലെ ദുരൂഹത തുടരുകയാണ്. ദുര്മന്ത്രവാദത്തിലൂടെ പ്രതി ഒമറിന്റെ സംസാരശേഷി ഇല്ലാതാക്കി എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
ഇരയ്ക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പരിചരണം നല്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.