തിരുവനന്തപുരം: കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന ആവശ്യവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ ജോസ് കെ. മാണി സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുതെന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും പറയുന്നു.
കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ. മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല.
വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിലാണ് കേരളാ കോൺഗ്രസ്-എം – മുഖപ്രസംഗം പറയുന്നു. കെഎം മാണി വത്തിക്കാൻപോലെ കാത്ത് സൂക്ഷിച്ച പാലായിൽ ജോസ് കെ. മാണി തോറ്റത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനമായതാണ്.
നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം. മാണിയുടെ മകന് കർഷക രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും മുഖപ്രസംഗം വിമർശിക്കുന്നു. ഘടകകക്ഷികളെ അവഗണിക്കുന്ന രീതി കോൺഗ്രസിനില്ല.
മുസ് ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നൽകിയത് മുന്നണി മര്യാദയാണ്. ജോസ് കെ. മാണി കൗശലമില്ലാത്ത നേതാവാണ്. ജോസിനെ ലാളിച്ച സിപിഎം ആവേശം ആറിത്തണുത്തെന്നും മുഖപ്രസംഗം പറയുന്നു.