ചാത്തന്നൂർ: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്ര കർമപദ്ധതിയുമായി കെഎസ്ആർടിസി. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
യൂണിറ്റ് തലത്തിലും സംസ്ഥാന തലത്തിലും റോഡ് സുരക്ഷ മോണിറ്ററിംഗ് സമിതികൾ രുപീകരിച്ച് പ്രവർത്തിക്കും. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.
ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്യും. അപകടരഹിതമായും റോഡ് സുരക്ഷയിൽ ശ്രദ്ധ ചെലുത്തുന്നതിനും ഡ്രൈവർമാരെ പ്രാപ്തരാക്കുക, ശാരീരികമായോ മാനസികമായോ അസ്വസ്ഥതകൾ ഉള്ളപ്പോൾ ബസ് ഓടിക്കാതിരിക്കുക, ബസ് ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാതിരിക്കുക, ലഹരി ഉപയോഗിച്ചു കൊണ്ട് ബസ് ഓടിക്കാതിരിക്കുക തുടങ്ങി നല്ലൊരു ഡ്രൈവിംഗ് സംസ്കാരം രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം.
ബ്രീത്ത് അനലൈസർ പരിശോധന ആരംഭിച്ച് നാലാഴ്ചകൊണ്ട് കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ നിരക്ക് 16 ശതമാനം കുറഞ്ഞെന്ന് കെഎസ്ആർടിസി വിലയിരുത്തുന്നു. യൂണിറ്റ് തലത്തിലുള്ള റോഡ് സുരക്ഷമോണിറ്ററിംഗ് കമ്മിറ്റി എല്ലാ ശനിയാഴ്ചകളിലും യോഗം ചേർന്ന് അപകട വിവരങ്ങൾ വിലയിരുത്തി ചീഫ് ഓഫീസ് തല മോണിറ്ററിംഗ് കമ്മിറ്റിക്ക് റിപ്പോർട്ട് നല്കണം.
മരണം സംഭവിച്ച അപകടങ്ങളോ വലിയ അപകടങ്ങളോ ഉണ്ടായാൽ യൂണിറ്റ് തല മേധാവികൾ സംസ്ഥാന മോണിറ്ററിംഗ് സമിതി മുമ്പാകെ നേരിട്ടെത്തി വിശദീകരണം നൽകണം.
പ്രദീപ് ചാത്തന്നൂർ