തിരുവനന്തപുരം: വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ 19നു രാത്രി തിരിച്ചെത്തും. ഇന്നലെ രാവിലെ ഇന്തോനേഷ്യയിൽനിന്ന് ദുബായിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10നു ചേർന്ന ഓണ്‍ലൈൻ മന്ത്രിസഭയിൽ പങ്കെടുത്തു.
സിംഗപ്പുരിൽനിന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സിംഗപ്പൂർ യാത്ര ഒഴിവാക്കിയിരുന്നു.
21നു മടങ്ങിയെത്തുംവിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തി 19നു രാത്രി മടങ്ങിയെത്തും. 20നു പ്രത്യേക മന്ത്രിസഭാ യോഗമുണ്ട്. മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്.
22നു മന്ത്രിസഭ ചേരും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങൾ 22നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. വിദേശപര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം നേരിട്ടാണ് 22ലെ മന്ത്രിസഭ ചേരുക.
ജൂണ്‍ 10നു നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം ഇടയ്ക്ക് ലോക കേരള സഭയ്ക്കായി നിർത്തിവച്ച ശേഷം പുനരാരംഭിക്കുന്ന തരത്തിലാണു നിയമസഭാ സമ്മേളനം ക്രമീകരിച്ചിട്ടുള്ളത്. സന്പൂർണ നിയമസഭാ സമ്മേളനമായതുകൊണ്ട് ജൂലൈ അവസാനം വരെ നീളും. വരൾച്ച മൂലം കർഷകർ നേരിടുന്ന പ്രതിസന്ധിയും 22നു ചേരുന്ന മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും.