ആവേശം മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് പോലീസ് . ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടിയിൽ കൊലക്കേസിൽ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പാർട്ടിയെ സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു.
ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയിൽ അറുപതോളം പേരാണ് പങ്കെടുത്തത്. ആവേശം സിനിമയിലെ ‘എട മോനേ’എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയിൽ ഗുണ്ടകൾ പുറത്തിറക്കിയ റീലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ആഡംബരവാഹനത്തിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് അടിപൊളിവേഷത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതുമുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ കൊണ്ടുപോകുന്നതും ഏറ്റുമൊടുവിൽ ഗ്രൂപ്പ് ഫോട്ടോയും റീൽസ് ആക്കിയാണ് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തത്.
അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെയുണ്ടായ നിരവധി ഗുണ്ടാ ആക്രമണങ്ങളിൽ പങ്കെടുത്ത സംഘത്തിലെ നേതാവിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ സുഹൃത്തുക്കൾക്കും കൂട്ടാളികൾക്കുമായി നടത്തിയ ലഹരിപാർട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
പോലീസ് ജീപ്പിനരികിൽ നേതാവ് നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്. വരടിയത്തെ കോൾമേഖലയിലെ ഒരു പാടത്തിനരികിലായിരുന്നു ആഘോഷം. ഈ മേഖലയിലുണ്ടായ കൊലപാതകങ്ങൾക്കു പിന്നാലെ ഗുണ്ടാസംഘങ്ങൾ രമ്യതയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണു പ്രധാന നേതാവ് പുറത്തിറങ്ങിയപ്പോൾ ആഘോഷമൊരുക്കിയത്.
കെയ്സ് കണക്കിനു മദ്യക്കുപ്പികൾ ചുമലിൽവച്ചു കൊണ്ടുപോകുന്നതും വന്നിറങ്ങുന്ന നേതാവിനെ ആവേശത്തോടെ ആലിംഗനംചെയ്തു സ്വീകരിച്ച് ആനയിക്കുന്നതുമെല്ലാം സിനിമാ ടീസറിനെ വെല്ലുന്ന രീതിയിലാണു ചിത്രീകരിച്ചിട്ടുള്ളത്.