ഭുവനേശ്വർ: ടോക്കിയോ ഒളിന്പിക്സ് സ്വർണത്തിനുശേഷം സൂപ്പർ താരം നീരജ് ചോപ്ര ഇന്ത്യയിൽ ആദ്യമായി ഇറങ്ങിയ മത്സരത്തിൽ സ്വർണ നേട്ടം.
27-ാമത് ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ പുരുഷ ജാവലിൻത്രോയിൽ 82.27 മീറ്ററുമായി നീരജ് സ്വർണം സ്വന്തമാക്കി. ദോഹ ഡയമണ്ട് ലീഗിൽ 88.36 മീറ്റർ എറിഞ്ഞ് വെള്ളി നേടിയശേഷമായിരുന്നു നീരജ് ഭുവനേശ്വറിൽ എത്തിയത്.
കർണാടകയുടെ ഡി.പി. മനുവിനെ നേരിയ വ്യത്യാസത്തിൽ പിന്നിലാക്കിയായിരുന്നു നീരജിന്റെ സ്വർണ നേട്ടം എന്നതാണ് ശ്രദ്ധേയം. ആദ്യ ശ്രമത്തിൽതന്നെ മനു 82.06 മീറ്റർ ക്ലിയർ ചെയ്തു. നാലാം ശ്രമത്തിലാണ് മനുവിനെ പിന്തള്ളി നീരജ് 82.27 കുറിച്ചത്. ആ ദൂരം പിന്നീട് മെച്ചപ്പെടുത്താനും നീരജിനു സാധിച്ചില്ല.
അജ്മലിനു സ്വർണം
മീറ്റിന്റെ അവസാനദിനമായ ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ ഒരു സ്വർണം എത്തി. പുരുഷ വിഭാഗം 400 മീറ്ററിൽ മുഹമ്മജ് അജ്മൽ സ്വർണമണിഞ്ഞു. 45.91 സെക്കൻഡിൽ മുഹമ്മദ് അജ്മൽ ഫിനിഷിംഗ് ലൈൻ കടന്നു. തമിഴ്നാടിന്റെ ടി. സന്തോഷ് കുമാറിനാണ് (46.48) വെള്ളി. വനിതാ 400 മീറ്ററിൽ എം.ആർ. പൂവമ്മയ്ക്കാണ് (53.32) സ്വർണം.
ട്രിപ്പിൾ വെള്ളി
ഇന്നലെ കേരള താരങ്ങൾ മൂന്ന് വെള്ളി സ്വന്തമാക്കി. പുരുഷ വിഭാഗം ട്രിപ്പിൾജംപിൽ എൽദോസ് പോൾ 16.59 മീറ്ററുമായി വെള്ളി നേടി. തമിഴ്നാടിന്റെ പ്രവീണ് ചിത്രവേലിനാണ് (16.79) സ്വർണം. കേരളത്തിന്റെ അബ്ദുള്ള അബൂബക്കറിനും (16.23), യു. കാർത്തികിനും (16.05) നാലും അഞ്ചും സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
വനിതാ വിഭാഗം ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യയാണ് കേരള അക്കൗണ്ടിൽ ഇന്നലെ വെള്ളി എത്തിച്ചത്. 1.74 മീറ്റർ എയ്ഞ്ചൽ പി. ദേവസ്യ ക്ലിയർ ചെയ്തു. കർണാടകയുടെ അഭിനയ എസ്. ഷെട്ടിക്കാണ് (1.77) സ്വർണം. ഹെപ്റ്റാത്തലണിൽ കെ.എ. അനാമിക കേരളത്തിനായി വെള്ളി സ്വന്തമാക്കി. 4997 പോയിന്റാണ് അനാമിക നേടിയത്. തെലങ്കാനയുടെ അഗസര നന്ദിനിക്കാണ് (5460) സ്വർണം.
അനീസിന് വെങ്കലം
ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനം പുരുഷ വിഭാഗം ലോംഗ്ജംപിൽ കേരളത്തിന്റെ മുഹമ്മദ് അനീസ് യാഹിയ വെങ്കലം സ്വന്തമാക്കി. 7.81 മീറ്റർ ക്ലിയർ ചെയ്തായിരുന്നു അനീസിന്റെ വെങ്കലം. തമിഴ്നാടിന്റെ ദേശീയ റിക്കാർഡുകാരനായ ജെസ്വിൻ ആൾഡ്രിനാണ് (7.99) സ്വർണം. തന്റെ ദേശീയ റിക്കാർഡ് (8.42) പ്രകടനത്തിന്റെ അടുത്തെത്താൻ ജെസ്വിനു സാധിച്ചില്ല. പാരീസ് ഒളിന്പിക്സ് ടിക്കറ്റ് മോഹനം ഭുവനേശ്വറിൽ സഫലമായില്ല.
പറക്കും സിംഗ്
ഭുവനേശ്വർ: രാജ്യത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായത് പഞ്ചാബിന്റെ ഗുരിന്ദർവിർ സിംഗ്. 10.35 സെക്കൻഡിൽ ഗുരിന്ദർവിർ സിംഗ് ഫിനിഷിംഗ് ലൈൻ കടന്നു. വ്യക്തമായ ലീഡോടെയായിരുന്നു സിംഗിന്റെ ഫിനിഷിംഗ്. ഒഡീഷയുടെ അനിമേഷ് കുജർ (10.50), പഞ്ചാബിന്റെ ഹർജിത് സിംഗ് (10.56) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗം 100 മീറ്ററിൽ കർണാടകയുടെ എസ്എസ്. സ്നേഹയ്ക്കാണ് (11.63 സെക്കൻഡ്) സ്വർണം. തമിഴ്നാടിന്റെ ഗിരിധരണി രവി (11.67), ഒഡീഷയുടെ ശ്രബാനി നന്ദ (11.76) എന്നിവർ വെള്ളിയും വെങ്കലവും നേടി. പുരുഷ വിഭാഗത്തിൽ 10.00 സെക്കൻഡും വനിതാ വിഭാഗത്തിൽ 11.07 സെക്കൻഡുമാണ് ഒളിന്പിക്സ് യോഗ്യതാ മാർക്ക്.