പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ രാഹുൽ തന്നെ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ചതായയും, അതിന്റെ ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ സ്ത്രീധനം സംബന്ധിച്ചു തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഫറൂഖ് എസിപി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണ സംഘം ഇന്നലെ യുവതിയുടെ പറവൂരിലുള്ള വീട്ടിലെത്തി മൊഴിയെടുത്തു. വൈകിട്ട് ഏഴോടെ വീട്ടിലെത്തിയ പോലീസ് പെൺകുട്ടിയിൽനിന്നും മാതാപിതാക്കളിൽനിന്നും സഹോദരനിൽനിന്നും മൊഴിയെടുത്തു. രാത്രി പത്തിനു ശേഷമാണ് പോലീസ് സംഘം തിരികെ പോയത്.
തന്റെ ആഭരണങ്ങളൊക്കെ കണ്ടെങ്കിലും രാഹുലിന്റെ അമ്മയ്ക്ക് തൃപ്തിക്കുറവുണ്ടായിരുന്നെന്ന് മർദനത്തിന് ഇരയായ യുവതി പറഞ്ഞു. അമ്മയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇടപെടലുണ്ടായതിന് ശേഷമാണ് തനിക്ക് നേരേ രാഹുലിന്റെ മർദനമുണ്ടാകുന്നത്. അമ്മയും രാഹുലും ഏറെ നേരം മുറി അടച്ചിരുന്ന് സംസാരിച്ചത് ഗുഢാലോചനയായിരുന്നു എന്നാണ് കരുതുന്നത്.
മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി രാഹുൽ കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നും അലറി വിളിച്ച് കരഞ്ഞിട്ടും വീട്ടിലുള്ള രാഹുലിന്റെ അമ്മയും സഹോദരിയും കൂട്ടുകാരനും അറിഞ്ഞിട്ടും സഹായിക്കാനെത്തിയില്ലെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു.
“”തന്റെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു ചെയ്യുമല്ലോ”എന്നൊക്കെയാണ് വിവാഹത്തിന് മുമ്പ് അവർ പറഞ്ഞത് യുവതിയുടെ പിതാവ് പറഞ്ഞു. ഞങ്ങൾ കൊടുത്തതിൽ കൂടുതൽ അവർ പ്രതീക്ഷിച്ചിരുന്നു. സംഭവത്തിൽ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും പങ്ക് കൂടി അന്വേഷിക്കണം.
വിവാഹം കഴിഞ്ഞു തന്റെ മകളെ ജർമനിയിലേക്ക് കൊണ്ടുപോകുമെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ഒമ്പതിനു വിവാഹ സൽക്കാര ചടങ്ങിന് പറവൂരിലെ വീട്ടിൽ എത്തിയ ശേഷം പാസ്പോർട്ടിന്റെ കാര്യത്തിനായി ഇരുവരും ആലുവയിൽ പോയിരുന്നു. സൽക്കാര ചടങ്ങിനിടെ രാഹുലിന്റെ കൂട്ടുകാരിലൊരാൾ തന്റെ മകനോട് 3,000 രൂപ വാങ്ങിയ ശേഷം മദ്യം വാങ്ങി കൊണ്ടുവന്നിരുന്നു. സ്റ്റേജിൽനിന്ന് പുറത്തേക്കിറങ്ങിയ രാഹുൽ കൂട്ടുകാരോടൊപ്പം മദ്യപിക്കുന്നത് ചടങ്ങിൽ സംബന്ധിക്കാനെത്തിയ ചിലർ കണ്ടിട്ടുണ്ട്.
രാഹുൽ മുൻപ് രണ്ട് തവണ മറ്റു പെൺകുട്ടികളുമായി വിവാഹം നിശ്ചയിച്ചു എന്നാണ് അറിയുന്നത്. രാഹുലിന്റെ മുൻകാല പശ്ചാത്തലവും അന്വേഷിക്കണമെന്നും, യുവതിയുടെ സൗകര്യം പരിഗണിച്ച് കേസിന്റെ തുടർ നടപടികൾ പറവൂരിലേക്ക് മാറ്റണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ഫോണിലൂടെയും വിവരങ്ങൾ ശേഖരിച്ചു.