തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ ഉപ്പുവെള്ളത്തിനൊപ്പം കായൽ മത്സ്യങ്ങൾ കൂട്ടത്തോടെ മീനച്ചിലാറ്റിലേക്ക്. തണ്ണീർമുക്കം മുതൽ താഴത്തങ്ങാടി അറുപുഴ വരെ ചൂണ്ടക്കാർക്കും വലക്കാർക്കും കായൽ മീനുകൾ കിട്ടുന്നുണ്ട്. വരാൽ, മഞ്ഞക്കൂരി, കായൽവറ്റ, നെൻമീൻ, കരിമീൻ തുടങ്ങിയ പലതരം മീനുകളാണ് പുഴയിലേക്ക് കടന്നത്. ഇത്തരം മീനുകളെ കിടങ്ങൂരിലും കണ്ടെത്തി.
ഉപ്പിന്റെ സാന്ദ്രത കൂടിയതോടെ കോട്ടയം താഴത്തങ്ങാടിയിൽ കുടിവെള്ളം പമ്പിംഗ് നിറുത്തിവച്ചിരിക്കുകയാണ്. നെൽകൃഷിയുടെ കാലം തെറ്റിയതിനാൽ തോന്നിയ പടിയാണ് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്.
ഇക്കൊല്ലം വേനലിൽ കുട്ടനാട്ടിലെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഏറെ താഴ്ന്ന സാഹചര്യത്തിൽ കൂടുതലായി ഉപ്പുവെള്ളം കടന്നുവന്നിട്ടുണ്ടെന്ന് പ്രമുഖ കാർഷിക ഗവേഷകൻ പ്രഫ. കെ.ജി. പദ്മകുമാർ പറഞ്ഞു.
ഉപ്പുവെള്ളം അധികമായത് ദോഷത്തെക്കാൾ ഗുണം ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ആഫ്രിക്കൻ പായലും കുളവാഴയും ചീഞ്ഞുനശിക്കാൻ ഉപ്പുവെള്ളം സഹായിക്കും. കുട്ടനാട്ടിലെ ജലസ്രോതസുകളിൽ ഒരു കഴുകൽ പ്രക്രിയയായിഇത് മാറും. ബണ്ട് അടയ്ക്കുന്നതോടെ കിഴക്കൻ വെള്ളം എക്കലുമായി ഒഴുകിയെത്തി നല്ല വിളവു ലഭിക്കും.
ബണ്ട് തുറക്കുമ്പോൾ മീനച്ചിലാറ്റിൽ കായൽ മീനുകൾ ഏറെക്കാലമായി സുലഭമാണ്. മാത്രവുമല്ല ഇത്തരം മീനുകൾ പുഴയുടെ ഘടനയോടു യോജിക്കുകയും ചെയ്യും. ചിലയിനം കടൽ മീനുകൾ കായലുകളിലേക്ക് കടന്നുവരുന്നതിലും അസ്വഭാവികതയില്ലെന്ന് പദ്മകുമാർ കൂട്ടിച്ചേർത്തു.