നെല്ലുകുത്തുമില്ലുകള്‍ ഒന്നാകെ വിസ്മൃതിയിലായപ്പോഴും വൈക്കം തലയാഴത്ത് കെ.എക്സ്. കുര്യാച്ചന് (ബേബിച്ചന്) കൈമോശം വരുത്താതെ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന കുത്ത് മില്ല്. –ജോണ്‍ മാത്യു.
കോട്ടയം: കടക്കെണിയിലാക്കുന്ന സര്‍ക്കാരിന്റെ നെല്ലുസംഭരണത്തെക്കാള് എത്രയോ ഭേദമായിരുന്നു പഴയകാലത്തെ നേരിട്ടുള്ള അരി വില്പനയെന്ന് കര്‍ഷകര്‍ ചോദിച്ചുപോകുന്നു. സ്വന്തം പാടത്തു വിളയുന്ന നെല്ല് ചെമ്പില്‍ പുഴുങ്ങി ചിക്കുപായയില്‍ നിരത്തിയുണക്കി മില്ലില്‍ കുത്തി അരിയാക്കി വിറ്റിരുന്ന അക്കാലത്ത് കൈയില്‍ പണം വരുമായിരുന്നു, വീടുകളില്‍ വറുതിയില്ലായിരുന്നു.
കൃഷി വിരിപ്പോ പുഞ്ചയോ ആവട്ടെ സപ്ലൈകോയുടെ സംഭരണം ഒരു വിളവെടുപ്പിലും സുതാര്യമല്ല. വിറ്റ നെല്ലിന്റെ പണത്തിന് ആറേഴു മാസമായി സര്‍ക്കാരിന്റെ കനിവുതേടിയിരിക്കേണ്ട ഗതികേട് കര്‍ഷകര്‍ക്ക് വന്നിരിക്കുന്നു. വിത്തും വിതയും വളവും വിളവെടുപ്പുമെല്ലാം ഇക്കാലത്ത് കടത്തിലാണ്. പതിരിന്റെയും ഈര്‍പ്പത്തിന്റെയും പേരില്‍ ചൂഷണം.
യന്ത്രക്കൂലിയും പണിക്കൂലിയും ഓരോ വര്‍ഷവും കൂടിവരുന്നു. ഇടനിലക്കാരും ഉദ്യോഗസ്ഥരും കുത്തുമില്ലുകളും സംഘടിതമായി കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.സപ്ലൈകോ സംഭരണം തുടങ്ങുംമുന്പ് കുട്ടനാടിന് തനതായൊരു കാര്‍ഷിക സംസ്കൃതിയുണ്ടായിരുന്നു. അറപ്പുരയിലെ പത്തായത്തില് നെല്ല് സൂക്ഷിച്ച് പണത്തിന്റെ ആവശ്യമനുസരിച്ച് പുഴുങ്ങി മില്ലില്‍ കുത്തിച്ച് അരിയാക്കി ചന്തയിലോ വീടുകളിലോ വിറ്റിരുന്നു. എല്ലാ കുട്ടനാടന്‍ ഗ്രാമത്തിലും നാലഞ്ചു കുത്തുമില്ലുകളുണ്ടായിരുന്നു.
മില്ലുകളില്‍ രാപകല്‍ പണിയുമുണ്ടായിരുന്നു. ചങ്ങനാശേരി, കോട്ടയം, അതിരമ്പുഴ ചന്തകളുടെ പെരുമയായിരുന്ന അരിക്കച്ചവടം.നിരനിരയായുള്ള കടകളിലും പീടികകളിലും കുട്ടനാടന്‍ പുഞ്ച, ചെമ്പാവ് അരി വാങ്ങാന്‍ വിവിധ ദേശക്കാര്‍ ചന്തയിലെത്തിയിരുന്നു. നിറവും മണവും വിളവും അറിയുംവിധം വല്ലത്തിലും കുട്ടയിലുമാണ് അരി വില്ക്കാന് വച്ചിരുന്നത്.
വീടുകള്‍ കയറിയിറങ്ങി അരി വാങ്ങി നെല്ലുപുഴുക്കും അരിവില്പനയും തൊഴിലായി കൊണ്ടുപോയവരും പഴയ കാലത്ത് ഏറെപ്പേരാണ്. അന്നൊക്കെ മില്ലുകളില്‍ നെല്ല് കുത്തിയാല്‍ അരിയും തവിടും ഉമിയും വെവ്വേറെ കിട്ടും. അരി ഒന്നുകില്‍ ചന്തയില്‍ വില്‍ക്കാം, അതല്ലെങ്കില്‍ വീട്ടില്‍ കരുതിവയ്ക്കാം.
തവിട് പേറ്റിയെടുത്താല് പൊടിയരി കിട്ടും. തവിടു പേറ്റി പലഹാരങ്ങളും പായസവുമുണ്ടാക്കാം. തവിട് താറാവിനും ആടുമാടുകള്‍ക്കും തീറ്റയാക്കാം. നെല്ല് പുഴുങ്ങാന്‍ അടുപ്പില്‍ ഉമിയാണ് കത്തിക്കുക. എന്നാൽ ഇക്കാലത്ത് ഉണ്ണാന്‍പോലും സ്വന്തം നെല്ല് ആര്‍ക്കും വേണ്ട.
സ്വന്തം അരി വന്കിടമില്ലുകാര് കുത്തി അവരുടെ പേരില്‍ പായ്ക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ കൊള്ളവില കൊടുത്ത് കര്‍ഷകര്‍ വാങ്ങി ഉണ്ണുന്ന ഗതികേട്.
നാഴി അരി വിത്തിന് കരുതി വയ്ക്കുന്ന ശീലവും കൈമോശം വന്നു. കൊള്ളവിലയ്ക്ക് വിത്തു വാങ്ങി വിതയ്ക്കുകയാണ് കര്‍ഷകര്‍.പോയ കാലത്ത് സ്വയംപര്യാപ്തമായ ഒരു കാര്‍ഷിക സംസ്കാരത്തിന് കരുതല്‍ പകര്‍ന്നിരുന്നു നെല്ല്. അരി കൊടുത്താലും വാങ്ങിയാലും കടം പറയുക അന്നൊന്നും പതിവായിരുന്നില്ല. ഇന്നാവട്ടെ സര്‍ക്കാരിന് കടം പറഞ്ഞുള്ള കച്ചവടമേയുള്ളൂ.
റെജി ജോസഫ്