കോട്ടയം: പഴകിയ ഭക്ഷണം പിടിച്ചെടുത്താലും പരിശോധനയില്‍ വമ്പന്‍ ക്രമക്കേട് നടത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളെ രക്ഷിക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍.സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു ജില്ലയിലും മിന്നല്‍ പരിശോധന.
ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ്, ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസുകളായ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.ലാബുകളില്‍ നിന്നും പരിശോധനാഫലം വരുന്ന ഭക്ഷ്യസാമ്പിളുകളുടെ കേസുകളില്‍ ഉത്പാദകര്‍ അപ്പീല്‍ ഫയല്‍ ചെയ്യാറുണ്ട്.
വീണ്ടും റഫറല്‍ ലാബുകളിലേക്ക് അയയ്ക്കുന്ന സാമ്പിളുകളില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തുകയാണ്. അതിനാല്‍ റഫറല്‍ ലാബുകളില്‍നിന്നും ലഭിക്കുന്ന ഭൂരിഭാഗം ഫലങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഭക്ഷ്യസുരക്ഷാ ലാബുകളില്‍നിന്നു പരിശോധിച്ചു സുരക്ഷിതമല്ലെന്നു ഫലം ലഭിക്കുന്ന ഭക്ഷ്യസാമ്പിളുകളില്‍ 90 ദിവസം കഴിഞ്ഞാല്‍ പ്രോസിക്യൂഷന് പാടില്ലെന്നാണ് ചട്ടം. ഇതിനുവേണ്ടി മനഃപൂര്‍വം പരിശോധനയ്ക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് വൈകിപ്പിക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി.
ലക്ഷങ്ങള്‍ വിറ്റുവരവുള്ള ഹോട്ടലുകാര്‍ക്കു ഭക്ഷ്യസുരക്ഷാ ലൈസന്‍സിനു പകരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നല്കി ഫീസിനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനു വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നതായും കണ്ടെത്തി.
ഡിവൈഎസ്പിമാരായ വി.ആര്. രവികുമാര്‍, പി.വി. മനോജ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ എസ്. പ്രതീപ്, മഹേഷ് പിള്ള, ജി. രമേശ്, സജു എസ്. ദാസ്, എസ്ഐമാരായ സ്റ്റാന്‍ലി തോമസ്, ജെയ്മോന്, വി.എം. അനില്‍ കുമാര്‍, ഗസറ്റഡ് ഓഫീസറായ ചങ്ങനാശേരി എല്‍ആര്‍ തഹസീല്‍ദാര്‍ നിജു കുര്യന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.