ഹെപ്പറ്റൈറ്റിസ് ഉള്ള 70 ശതമാനത്തിലധികം പേർക്കും മഞ്ഞപ്പിത്തവും കാണാം. മഞ്ഞപ്പിത്തം കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. ഇത് ബാധിക്കുന്നവരിൽ നഖത്തിനും കണ്ണുകൾക്കും മൂത്രത്തിനും തുടർന്ന് ശരീരമാസകലവും മഞ്ഞനിറം കാണുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഏകദേശം ഒരു മാസത്തോളം സമയം എടുക്കാറുണ്ട് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിക്കാൻ.
വിശപ്പില്ലായ്മ, വയറുവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയുണ്ടാകും. ചിലരിൽ കുളിര്, പേശിവേദന, സന്ധിവേദന ചുമ, ജലദോഷം, മലബന്ധമോ വയറിളക്കമോ, ചൊറിച്ചിൽ, ചൊറിഞ്ഞു തടിക്കൽ എന്നിവയും കാണാറുണ്ട്. എന്നാൽ, ഇവയൊന്നും തന്നെ മരണകാരണം ആകാറില്ല.
മഞ്ഞപ്പിത്തം കാണുന്ന 60 ശതമാനം രോഗികളിലും രണ്ടുമാസം കൊണ്ടും ബാക്കിയുള്ളവരിൽ ഏകദേശം എല്ലാവരിലും ആറുമാസം കൊണ്ടും പൂർണമായ രോഗശമനം സംഭവിക്കും. മറ്റ് കരൾരോഗങ്ങൾ നേരത്തെ ഉണ്ടായിരുന്നവർക്കും 50 വയസിനുമേൽ പ്രായമുള്ളവർക്കും ഹെപ്പറ്റൈറ്റിസ് എ മാരകമാകാം.
രക്തം, സ്രവങ്ങൾ….
രക്തം, സ്രവങ്ങൾ തുടങ്ങിയവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്. സുരക്ഷിതമല്ലാത്ത ഇഞ്ചക്ഷൻ, രോഗം ബാധിച്ച ആളുമായുള്ള ലൈംഗികബന്ധം, ബാർബർ ഷോപ്പുകളിൽ വീണ്ടും ഉപയോഗിക്കുന്ന കത്തിയും ബ്ലേഡും തുടങ്ങിയവ ഹെപ്പറ്റൈറ്റിസ് ബി പകരുന്നതിന് കാരണമായേക്കാം.
ഹെപ്പറ്റൈറ്റിസ് ഇ
മലിനജലവും മോശമായ സാനിറ്റേഷൻ സൗകര്യങ്ങളും കാരണമാണ് ഹെപ്പറ്റൈറ്റിസ് ഇ പകരുന്നത്.
ലിവർ സിറോസിസ്
മദ്യപാനം ലിവർ സിറോസിസ് ഉണ്ടാകാനും സ്ഥിരമായി കരളിലെ കലകൾ നശിക്കുന്നതിനും കാരണമാകാറുണ്ട്.
മരുന്നുകൾ ഉപയോഗിക്കുമ്പോൾ
ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് ഉപയോഗിക്കരുത് എന്നു പറയുന്നതിന്റെ ഒരു കാരണം വീണ്ടു വിചാരമില്ലാതെ ഉപയോഗിക്കുന്ന ചില മരുന്നുകൾ വഴിയും ഹെപ്പറ്റൈറ്റിസ് ഉണ്ടാകാം എന്നതിനാലാണ്.
തളർച്ച, പനി ഉള്ളതുപോലെ തോന്നുക, കറുത്ത അഥവാ മഞ്ഞ നിറത്തിലുള്ള മൂത്രം, വെളുത്ത നിറത്തിലുള്ള മലം, വയറുവേദന, വിശപ്പില്ലായ്മ, കാരണമില്ലാതെ ശരീരഭാരം കുറയുക തുടങ്ങിയവ കണ്ടാൽ ഹെപ്പറ്റൈറ്റിസ് സംശയിക്കണം.രോഗം സ്ഥായി ആകുന്നതിനനുസരിച്ച് ലക്ഷണങ്ങൾ വർധിക്കാം.
വിവരങ്ങൾ –
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം