കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ളാറ്റില്‍നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെ കണ്ടെത്തുന്നതിനായി തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് അന്വേഷണം ആരംഭിച്ചു.
യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് ഇന്നലെ കേസ് എടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്. സംഭവം നടന്നത് തൃപ്പൂണിത്തുറയിലായതിനാലാണ് സൗത്ത് പോലീസ് കേസ് തുടര്‍നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് കൈമാറിയത്.
തൃശൂര്‍ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഹില്‍പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം യുവാവിന് അറിയാമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിരുന്നു.
ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറുകയായിരുന്നുവെന്നാണ് മൊഴി. ഗര്‍ഭിണിയാണെന്നത് തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു.കഴിഞ്ഞ മൂന്നിനാണ് പനമ്പിള്ളിനഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റുകളിലൊന്നില്നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലായത്. പുലര്‍ച്ചെ അഞ്ചോടെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.