കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് ഇടപാട് കേസുകള്‍ (എന്‍ഡിപിഎസ് നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്)വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ ഇനി മുതല്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കും അന്വേഷിക്കാം. ലഹരിമാഫിയയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷിക്കാനായി കേരള പോലീസിലെ നര്‍ക്കോട്ടിക് വിഭാഗത്തെ ശക്തിപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഓരോ പോലീസ് ജില്ലകളിലെയും നര്‍ക്കോട്ടിക് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജില്ല നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മുഖ്യ ചുമതലക്കാരനും ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണാധികാരവും ഇവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫി (ഡിസ്ട്രിക് ആന്‍ഡി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്)ന് നിയമപരമായ അധികാരവും നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നിലവില്‍ ഡാന്‍സാഫ് ടീം കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ അതാത് പോലീസ് സ്റ്റേഷനുകളിലായിരുന്നു അന്വേഷിച്ചിരുന്നത്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ ജോലി ഭാരം ഉണ്ടാക്കിയിരുന്നു. താനൂരില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതിയുടെ മരണം ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇതിനെല്ലാം പരിഹാരം കണ്ടെത്തണമെന്ന് പോലീസ് ഓഫീസര്‍മാരും പോലീസ് സംഘടനകളും നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു.
എന്‍ഡിപിഎസ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സ്റ്റേഷന് തന്നെ വേണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴായി ആവശ്യം ഉന്നയിക്കുകയും ഉണ്ടായി.വിലകൂടിയ ലഹരിവസ്തുവാണെങ്കിലും എംഡിഎംഎയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചുവരുകയാണ്. ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
എംഡിഎംഎ, മെത്താംഫെറ്റാമിന്‍, എല്‍എസ്ഡി, ഹെറോയിന്‍, കൊക്കെയ്ന്‍ മുതലായ ലഹരി വസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലെത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, ആന്ധ്ര എന്നിവിടങ്ങളിലെത്തുന്ന രാസലഹരി ഏജന്റുമാര്‍ വഴി കേരളത്തിലെ ആവശ്യക്കാരിലേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ ഉറവിടം കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്.
ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനുകളില്‍ വലിയ തോതില്‍ രാസലഹരി വേട്ട നടക്കുമ്പോഴും അതിന്റെ തുടര്‍ അന്വേഷണം പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവിലെ ഡ്യൂട്ടികള്ക്കൊപ്പമാണ് തുടര്‍ അന്വേഷണത്തിനായി പ്രതികളുമായി അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നത്. അംഗബലം കുറവുള്ള സ്റ്റേഷനുകളില്‍ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ തുടര്‍ അന്വേഷണത്തിന് പല ഉദ്യോഗസ്ഥരും വിമുഖത കാണിക്കുന്നുണ്ട്.
പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമ്പോള്‍ ഒരു പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്ന കേസുകളില്‍ കുറഞ്ഞ ക്വാണ്ടിറ്റി കേസുകള്‍ മാത്രം സ്റ്റേഷനുകളില്‍ അന്വേഷിക്കാനും ഉയര്‍ന്ന ക്വാണ്ടിറ്റി കേസുകള്‍ ജില്ലയിലെ ഈ പ്രത്യേക വിഭാഗത്തെ ഏല്‍പ്പിക്കാനും തീരുമാനം ഉണ്ടാകണമെന്നാണ് പോലീസ് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.
എന്‍ഡിപിഎസ് നിയമപ്രകാരം സബ് ഇന്‍സ്പെക്ടര്‍ റാങ്കിന് മുകളില്‍ ഉള്ളവരാണ് ഈ കേസുകളിലെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍. അതുകൊണ്ട് തന്നെ ആവശ്യാനുസരണമുള്ള എസ്ഐമാരെ അനുവദിച്ച് ഈ വിഭാഗത്തെ ശക്തിപ്പെടുത്തുകയും വേണം.
സീമ മോഹന്‍ലാല്‍