കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിയുടെ കൈവിരലിന് പകരം നാക്കിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടറുടെ വീഴ്ച ലഘൂകരിച്ച് മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നുവെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും എന്നാല്‍ വിവരം മാതാപിതാക്കേളാട് പറയാതിരുന്നത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനാണ് റിപ്പോര്‍ട്ട് കൈമാറിയത്.
കുട്ടിയുടെ നാവിന് പ്രശ്നങ്ങൾ കണ്ടു. എങ്കിൽതന്നെയും അത് ശസ്ത്രക്രിയയ്ക്കു മുന്നേ വാക്കാലെങ്കിലും ബന്ധുക്കളെ അറിയിക്കണമായിരുന്നു. അനുഭവപരിചയമുള്ള ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടവേണ്ട നടപടിക്രമങ്ങള്‍ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അദ്ദേഹം ഇത്രനാൾ നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. കുഞ്ഞിന്റെ നാവിന് ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും ആറാം വിരൽ നീക്കുന്നതിനു പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരേ കൂടുതൽ നടപടി വേണമെന്നും അമ്മ പറഞ്ഞു.