തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൽഹി രഘുബീർ നഗറിലാണ് സംഭവം. ഇവിടുത്തെ തെരുവിൽ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി യുവതി രാത്രിയിലെത്തിയ സമയം സ്ഥലത്തെ കടയിൽ ജോലി ചെയ്യുന്നയാൾ ഇവരെ തടയാൻ ശ്രമിച്ചു.
ഇയാൾ യുവതി കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്ന നായ്ക്കളെ ആക്രമിക്കുകയും യുവതിയെ അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവതി സംഭവത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കിട്ടു. ഈ വീഡിയോയിൽ യുവതിയുടെ ശരീരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നതും കാണാവുന്നതാണ്.
പരാതിക്കാരിയായ ലൗലിയുടെ മകൾ മനീഷ സോളങ്കിയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അമ്മയും മകളും ചേർന്ന് വീട്ടിൽ ഭക്ഷണം തയാറാക്കി തെരുവിലെ മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകുമായിരുന്നു.
പതിവ് പോലെ ഇത്തരത്തിൽ ഭക്ഷണവുമായി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം നൽകുന്ന സ്ഥലത്തിന് സമീപത്തെ കടയിൽ ജോലി ചെയ്യുന്നയാളാണ് മനീഷയെയും നായ്ക്കളെയും ക്രൂരമായി ആക്രമിച്ചത്. എഫ്ഐആർ പ്രകാരം സോനു എന്നയാൾ ഒരു വടികൊണ്ട് മൃഗങ്ങളെ അടിക്കുകയായിരുന്നു. നായ്ക്കൾ അയാളെ ശല്യപ്പെടുത്തിയില്ലെന്നും സംഭവം നടന്നപ്പോൾ നായ്ക്കൾ ആരെയും ഉപദ്രവിക്കാതെ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രശ്നത്തിന്റെ സത്യാവസ്ഥ ഇൻസ്റ്റാഗ്രാമിൽ വിവരിച്ച ശേഷം, മൃഗങ്ങൾ അക്രമിക്കപ്പെട്ട സംഭവത്തിൽ തൻ്റെ പ്രസ്താവനകൾക്ക് തെളിവ് സ്ഥാപിക്കാൻ യുവതി രണ്ട് റീലുകളും പങ്കിട്ടു. തെരുവ് നായ്ക്കളെ വടികൊണ്ട് അടിക്കുന്ന സമയത്ത് സോനുവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
“ഞങ്ങളെ ക്രൂരമായി മർദിച്ചു, ആരും ഞങ്ങളെ സഹായിക്കുന്നില്ല, ഞങ്ങൾക്ക് പിന്തുണയായി ആരും നിൽക്കുന്നില്ല,” ചോരയൊലിപ്പിച്ചു കരയുന്നതിനിടയിൽ ഡൽഹിയിലെ റോഡുകളിലൂടെ നടക്കുന്നത് മനീഷ റെക്കോർഡ് ചെയ്തു.