ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന ഹെലികോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്.
രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്.
വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്.
ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.
മേഖലയിൽ കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ പെട്ടെന്ന് ഇടിച്ചിറക്കാൻ കാരണം. റെയ്സി ഉണ്ടായിരുന്ന കോപ്റ്ററാണ് ഇടിച്ചിറങ്ങിയതെന്ന് ഇറേനിയൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചിരുന്നു.