തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം നല്‍കാത്തതിന്റെ പേരിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തിൽ രണ്ടു പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന് വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
അവധിക്കായി വിദേശത്ത് നിന്ന് നാട്ടിലെത്തിയ തമിഴ്നാട് സ്വദേശികളായ സുധന്, ഉണ്ണികൃഷ്ണന്, ബാബു എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് വെട്ടിയത്. ഭാര്യ വീടായ മൂന്നുമുക്കില്‍ സുധനും സുഹൃത്തുക്കളും വിരുന്നിന് വന്ന സമയത്ത് പ്രതികൾ വീട്ടിലെത്തി.
ദീർഘ നേരത്തെ സൗഹൃദ സംഭാഷണത്തിനു ശേഷം പ്രതികൾ ഇവരോട് വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം നല്കാൻ സുധന് തയാറായില്ല. തുടര്‍ന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെ മൂന്നുപേരെയും പ്രതികള്‍ വാള് കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുധന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഉണ്ണികൃഷ്ണന്, ബാബു എന്നിവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.