ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ വർഗീയ-ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും രാജ്യത്തെ മതേതരത്വം തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
പ്രതിപക്ഷം തനിക്കുമേല് വർഗീയ മുദ്രകുത്താൻ ശ്രമിക്കുകയാണ്. ഭരണത്തിൽ താൻ വിവേചനം കാണിച്ചിട്ടില്ല- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.
സബ് കാ സാത് സബ്കാ വികാസ് എന്ന ആശയത്തിൽ ഗ്രാമങ്ങളിലെ കുടുംബങ്ങളിൽ വികസനം എത്തിച്ചു. ഇതിൽ വിവേചനം ഒന്നും കാണിച്ചിട്ടില്ല. പാവപ്പെട്ടവർക്ക് ധാന്യവും പച്ചക്കറിയും വിതരണം ചെയ്തു. ഇതിലും തരംതിരിവ് കാണിച്ചില്ല.
എന്നാൽ, പ്രതിപക്ഷ പാർട്ടികൾ എസ്സി, എസ്ടി, ഒബിസി കാർഡ് ഇറക്കിയാണ് വോട്ടുപിടിക്കുന്നത്. വോട്ട് ജിഹാദിനാണ് അവർ ശ്രമിക്കുന്നത്. മതേതരത്വത്തിന്റെ മറവിൽ വർഗീയ കാർഡ് ഇറക്കിയാണ് പ്രതിപക്ഷത്തിന്റെ നീക്കം-പ്രധാനമന്ത്രി പറഞ്ഞു.
എൻഡിഎയ്ക്കു 400 സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന വ്യാജപ്രചാരണം നടത്തുന്നു. 2019 മുതൽ 2024 വരെ നാനൂറു സീറ്റിനു മുകളിൽ എൻഡിഎയ്ക്ക് ഉണ്ട്. തന്റെ ഭരണത്തിന്റെ കീഴിൽ ഏഴു കോടി തൊഴിലവസരം സൃഷ്ടിക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന്
ഭുവനേശ്വർ: ദക്ഷിണേന്ത്യയിൽ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സഖ്യം 400 സീറ്റിലേറെ നേടുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ശക്തിയില്ലെന്നാണ് എതിരാളികളുടെ വാദം. 2019ൽ ബിജെപിയായിരുന്നു ദക്ഷിണേന്ത്യയിലെ വലിയ ഒറ്റക്കക്ഷി. ഇത്തവണയും അതുതന്നെ സംഭവിക്കും. ബിജെപിയുടെ സഖ്യകക്ഷികളും കൂടുതൽ സീറ്റിൽ ജയിക്കും.
2019ൽ ദക്ഷിണേന്ത്യയിലെ 131 സീറ്റുകളിൽ 29ൽ ബിജെപി വിജയിച്ചിരുന്നു. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. നാനൂറിലേറെ സീറ്റുകളിൽ ഞങ്ങൾ ഇത്തവണ ജയിക്കും. ഞങ്ങളുടെ കണക്കുകൂട്ടൽ ശരിയാണെന്നു നാലു ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ ബോധ്യമായി’’- മോദി പറഞ്ഞു.