കോയമ്പത്തൂർ: ഒന്നരക്കോടി രൂപ കവർച്ച നടന്നത് കാണിച്ച് നൽകിയ പരാതിയിൽ മോഷ്ടാവിനെ പിടികൂടിയപ്പോൾ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്. പരാതിക്കാരൻ ഒന്നരക്കോടി രൂപ മോഷണം പോയെന്നാണ് പോലീസിനോട് പറഞ്ഞത്.
എന്നാൽ 24 മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടിയപ്പോൾ കവർന്നത് 15 ലക്ഷമാണെന്ന് അയാൾ പറഞ്ഞു. തുടർന്ന് പരാതിക്കാരനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ മോഷ്ടാവ് പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു.
കോയമ്പത്തൂർ ജില്ലയിലെ അന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 17ന് ഉച്ചയ്ക്കാണ് അന്നൂർ ചൊക്കംപാളയം സ്വദേശിയും പ്രാദേശിക ബിജെപി നേതാവുമായ വിജയകുമാറിന്റെ വീട്ടിൽ കവർച്ച നടന്നതായി പോലീസിന് പരാതി ലഭിച്ചത്.
സ്ഥലം വാങ്ങാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയും 9 പവൻ ആഭരണങ്ങളും കാണാതായെന്നാണ് പരാതിയിൽ വിജയകുമാർ പറഞ്ഞിരുന്നു.
പോലീസ് 15 ലക്ഷം രൂപയും 8.5 പവനും വെള്ളി ആഭരണങ്ങളുമാണ് അൻപരിശനിൽ നിന്നും കണ്ടെത്തിയത്. ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ 18 കവർച്ചക്കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.