അജയ്കുമാറിന്റെ വിഐപി ചങ്ങാത്തം നാലായിരമെത്തി;ഈ സാഹസങ്ങള്‍ക്കെല്ലാം പിന്നില്‍ ഫോട്ടോഗ്രാഫിയിലുള്ള കമ്പവും വിഐപികളെ അടുത്തറിയാനുള്ള ആഗ്രഹവും

FB-AJAI

വടക്കഞ്ചേരി: വിവിധ മേഖലകളിലെ വിഐപികളുമായുള്ള അജയ്കുമാറിന്റെ ചങ്ങാത്തം നാലായിരമായി. കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന എം.എന്‍.വിജയന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണത്തിനെത്തിയ പ്രമുഖ റഷ്യന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ബോറിസ് കഗാര്‍ലിട്‌സ്കിയുമായുള്ള പുതിയ സൗഹൃദത്തോടെയാണ് ഈ പട്ടിക നാലായിരത്തിലെത്തിയത്.

സോവിയറ്റ് ഭരണകാലത്ത് തിയേറ്റര്‍ പഠനത്തിനിടെ രഹസ്യമായി പ്രസിദ്ധീകരിച്ചിരുന്ന ലൈവ് പോവററ്റി എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന ബോറിസ് വാരിയന്റ്‌സ് ജേര്‍ണലിലെ കോളമിസ്റ്റായിരുന്നു. 1990-ല്‍ മോസ്‌കോ സോവിയറ്റിലേക്ക് റഷ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ആഗോളവത്കരണത്തെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തെയും അന്താരാഷ്ട്രതലത്തില്‍ പഠനവിധേയമാക്കുന്ന സമിതിയുടെ ഡയറക്ടറാണ് ഇപ്പോള്‍.

ഇത്തരത്തില്‍ ഒറ്റപ്പെട്ടതരം വിഐപികളെ കണ്ടെത്തി അവര്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോയും ചെറുവിവരണവും സൂക്ഷിച്ചുവയ്ക്കുകയാണ് കണ്ണമ്പ്ര പാറക്കല്‍ അജയകുമാറിന്റെ ഹോബി.ഇതിനാല്‍ സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധിപേര്‍ 55 കാരനായ അജയകുമാറിന്റെ സ്‌നേഹവിലയത്തിലുണ്ട്. സിനിമാരംഗത്തെ വിഐപികളാണ് ഫോട്ടോശേഖരത്തില്‍ ഏറെയും. ഫോട്ടോഗ്രാഫിയിലുള്ള കമ്പവും വിഐപികളെ അടുത്തറിയാനുള്ള ആഗ്രഹവുമാണ് ഈ സാഹസങ്ങള്‍ക്കെല്ലാം പിന്നില്‍. വടക്കഞ്ചേരി ക്ഷീരസംഘത്തിലെ സീനിയര്‍ ക്ലാര്‍ക്കാണ് അജയകുമാര്‍.

Related posts