ഇളങ്ങുളം: ശരത്തിന്റെയും ബിൻസിയുടെ മൗനം ഇനി വാചാലമാകും. മൗനം നിറഞ്ഞുനിൽക്കുന്ന ജീവിതത്തെ അവർ അർഥപൂർണമാക്കും. ജന്മനാ മൂകയും ബധിരയുമായ രണ്ടാംമൈൽ നരിയനാനി ഉഴത്തിൽ ബിൻസിക്ക് ശരത് ഇനി ജീവിതപങ്കാളി. ശരത്തും ജന്മനാ മൂകനും ബധിരനും.
ഇരുവരും പുതുജീവിതത്തിലേക്ക് കൈപിടിച്ചപ്പോൾ ആശംസകളുമായി ബന്ധുമിത്രാദികൾക്കൊപ്പം എലിക്കുളം പഞ്ചായത്തിലെ അംഗങ്ങളും ജീവനക്കാരുമെത്തി.ഉഴത്തിൽ സാബുവിന്റെയും തുളസിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ബിൻസി. മണ്ണയ്ക്കനാട് സ്പെഷൽ സ്കൂൾ പഠനത്തിനുശേഷം തിരുവനന്തപുരം കൈമനം പോളിടെക്നിക്കിൽനിന്നും കംപ്യൂട്ടർ എൻജിനിയറിംഗ് പാസായി.
ഇപ്പോൾ വലവൂർ ട്രിപ്പിൾ ഐടിയിൽ ജോലി ചെയ്യുന്നു. ചേർത്തല തുറവൂർ കോയിപ്പുറത്ത് ഉദയഭാനുവിന്റെയും ഗീതയുടെയും മകനാണ് ശരത്. കൊല്ലം വാളകം സിഎസ്ഐ കോളജിൽനിന്ന് ബികോം ബിരുദം നേടിയ ശരത് ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
പുലർച്ചെ മുതൽ വീട്ടിലെ പാചകപ്പുരയിൽ ബിൻസിയുടെ മാതാപിതാക്കളായ സാബുവും തുളസിയും ചേർന്നു പലഹാരങ്ങളുണ്ടാക്കി കടകളിലെത്തിച്ചാണ് വരുമാനം കണ്ടെത്തുന്നത്. തുളസി സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചാണ് കടകളിൽ ഭക്ഷണവിതരണം നടത്തുന്നത്.
എലിക്കുളം പഞ്ചായത്തിലെ പൊതുപരിപാടികളിലും ഭക്ഷണമെത്തിക്കുന്നത് തുളസിയാണ്. അതിനാൽ തങ്ങളുടെ കുടുംബത്തിലെ അംഗത്തിന്റെ വിവാഹമായി കരുതിയാണ് ആശംസകളോടെ പഞ്ചായത്തംഗങ്ങളും ജീവനക്കാരും എത്തിയത്.