കൊച്ചി: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം ശക്തമാകുമ്പോള്‍ സര്‍ക്കാര്‍ എന്‍ഡിപിഎസ് 42-ാം വകുപ്പില്‍ ഭേദഗതിവരുത്തണമെന്ന് ആവശ്യം ശക്തം. സംസ്ഥാന സര്‍ക്കാരിന് ആ നിയമത്തില്‍ പറഞ്ഞിട്ടുള്ള വകുപ്പിലെ ഏത് റാങ്കിലുമുള്ള ഉദ്യോഗസ്ഥനെയും ലഹരിക്കേസ് എടുക്കാന്‍ ചുമതലപ്പെടുത്താമെന്നതാണ് 42-ാം വകുപ്പ്.
ആ നിയമപ്രകാരം സംസ്ഥാനത്ത് ചുമതലപ്പെടുത്തിയിട്ടുള്ളത് എക്സൈസ്, പോലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളെയാണ്. എക്സൈസില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കും ഫോറസ്റ്റില്‍ ഡെപ്യൂട്ടി റേഞ്ചര്‍ മുതല്‍ മുകളിലേക്കുമുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ അധികാരം സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചുമതലപ്പെടുത്തി നല്‍കിയിരിക്കുന്നത്.
അന്ന് ലഹരിമരുന്നുകളുടെ കേസുകളുടെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. സംസ്ഥാനത്ത് ലഹരിക്കേസുകളാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതില്‍ യുവതികളും ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഈ സാഹചര്യത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ പരിമിതമാണ്. സ്പെഷല്‍ ആക്ടായ 1985 ലെ എന്‍ഡിപിഎസ് നിയമത്തിലെ 42-ാം വകുപ്പ് പ്രകാരം സിപോയ്, കോണ്‍സ്റ്റബിള്‍, പ്യൂണ്‍ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ആവശ്യാനുസരണം ചുമതലപ്പെടുത്താം.
ഇപ്രകാരം നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിട്ടുള്ളത് എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 78 പ്രകാരമാണ്. ആ നിയമപ്രകാരം 42-ാം വകുപ്പില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ സ്പെഷല്‍ ആക്ടില്‍ പറയുന്ന പ്രകാരം എക്സൈസിലെ പ്രിവന്റീവ് ഓഫീസര്‍ മുതല്‍ മുകളിലോട്ട് ഉള്ളവര്‍ക്കും പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ മുകളിലോട്ട് ഉള്ളവര്‍ക്കും ഫോറസ്റ്റര്‍ മുതല്‍ മുകളിലുള്ളവര്‍ക്കും ഈ അധികാരം കൊടുത്തുകൊണ്ട് നിയമഭേദഗതി ഉണ്ടായാല്‍ കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ കണ്ടെത്തുന്നതിന് സഹായകമാകും.
ഈ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും പട്രോളിംഗിന് പോകുന്നത്. ഇന്‍സ്പെക്ടര്‍മാര്‍ക്കോ, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് കോടതി ഡ്യൂട്ടി, ഓഫീസ് ഡ്യൂട്ടി, കോണ്‍ഫറന്‍സ് എന്നിവ മൂലം കൂടുതല്‍ സമയം പട്രോളിംഗിന് പോകാന്‍ സാധിക്കില്ല. അത്തരം സമയങ്ങളില്‍ ലഹരിക്കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ഇവര്‍ എത്തുന്നതുവരെയോ കാത്തിരിക്കേണ്ടിവരും. അത് മറിക്കടക്കാന്‍ ഈ നിയമഭേദഗതിമൂലം സാധിക്കും.
അതിന് സര്‍ക്കാരിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ക്ക് കേസ് എടുക്കുന്നതിനുള്ള അധികാരം കൊടുക്കുന്നതിലൂടെ മയക്കുമരുന്നിന്റെ വ്യാപനം തടയാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ചെറിയ തരത്തിലുള്ള വില്പന ഉള്‍പ്പെടെ കണ്ടെത്തുന്നതിന് ഈ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.
വലിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇന്‍സ്പെക്ടര്‍മാരുടെ അധികാരം നിലനിര്‍ത്തുന്നുമുണ്ട്. അതോടൊപ്പം ഈ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും പരിമിതമാണ്. എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് നാമമാത്രമായ സംവിധാനമാണ്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെയാണ് കിട്ടിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത് എക്സൈസിലെ അന്വേഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.
സീമ മോഹന്‍ലാല്‍