കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും സ്വർണാഭരണം മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി നേരത്തെയും പോക്സോ കേസിലുൾപ്പെട്ടയാൾ. ഇയാൾ കസ്റ്റഡിയിലായതായാണ് സൂചന.
കാസർഗോഡ് ജില്ലയിലെ തന്നെ മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തന്റെ ബന്ധുവായ പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആദൂർ വനത്തിലെത്തിച്ച് പീഡിപ്പിച്ചതിനായിരുന്നു കേസ്. ഈ കേസിൽ ഇയാൾ അറസ്റ്റിലായി നാലുമാസം ജയിലിലും കഴിഞ്ഞിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാര്യവീട്ടിൽ താമസമാക്കിയത്. ആരുമായും അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലാത്ത ഇയാളുടെ തൊഴിലെന്താണെന്നും വരുമാനമാർഗമെന്താണെന്നും നാട്ടുകാർക്കറിയില്ല.കർണാടകയിലെ കുടക് സ്വദേശിയാണെങ്കിലും മലയാളം നന്നായി സംസാരിക്കും. 14 വർഷം മുമ്പാണ് കാഞ്ഞങ്ങാട്ടെത്തി വിവാഹം കഴിച്ചത്. മേൽപറമ്പിലെ കേസിൽ പ്രതിയായത് അതിനു ശേഷമാണ്.
കാഞ്ഞങ്ങാട്ടെ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിന് രണ്ടുദിവസം മുമ്പ് സമീപത്തുള്ള മറ്റൊരു വീട്ടിൽ കയറി സ്ത്രീയുടെ മാല പൊട്ടിച്ചോടിയതും ഇയാൾ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇത് വ്യക്തമായത്. നഷ്ടപ്പെട്ട മാല മുക്കുപണ്ടമായതിനാൽ അക്കാര്യത്തിൽ അധികം അന്വേഷണം നടന്നിരുന്നില്ല. കർണാടകയിലെ സുള്ള്യ, മടിക്കേരി സ്റ്റേഷൻ പരിധികളിലും ഇയാൾക്കെതിരേ പിടിച്ചുപറി കേസുകൾ ഉണ്ടെന്നാണ് വിവരം.
പെൺകുട്ടിയെ ആക്രമിക്കുന്നതിനിടെ പ്രതിയുടെ കൈയിൽ നിന്നു വീണ കറൻസി നോട്ടും പെൺകുട്ടിയുടെ വസ്ത്രങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയിൽ നിന്നു ലഭിക്കുന്ന തെളിവുകൾ കേസിൽ നിർണായകമാകും. കാഞ്ഞങ്ങാട്ടെ ഭാര്യവീട്ടിലാണ് താമസമെന്ന് പറയുമ്പോഴും ഇയാൾ എല്ലാദിവസവും അവിടെ എത്താറില്ലെന്ന് പറയുന്നു. വന്നുകഴിഞ്ഞാൽ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്വഭാവവും ഉണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞിരുന്നു. മൊബൈൽ ഫോണും ഉപയോഗിക്കാറില്ല.