ചെന്നൈ: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. ഭക്ഷണം കൊടുക്കുന്നതിനിടെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ അമ്മയുടെ കൈയിൽ നിന്നാണ് കുഞ്ഞ് വഴുതി വീണത്. ദീർഘ നേരത്തെ പരിശ്രമത്തിന്റെ ഫലമായി കുഞ്ഞിനെ രക്ഷപെടുത്തി.
ഇതിന്റെ വീഡിയോയും വൈറലായിരുന്നു. അതിനു പിന്നാലെ കുഞ്ഞിന്റെ മാതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.
ആരെയും എന്തും പറയാമെന്നും, എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും, ഏതറ്റം വരെയും അവഹേളിക്കാമെന്നും, അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും, തങ്ങളെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബര്‍ മനോരോഗികളുടെ ‘കരുതലിന്റെ’ പരിണിതഫലമാണ് ഈ ആത്മഹത്യയെന്ന് ആര്യാ രാജേന്ദ്രന് പ്രതികരിച്ചു.
അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ ആഴം വളരെ വലുതാണ്. സൈബർ അതിക്രമങ്ങൾക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
വേദനാജനകമായ വാർത്തയാണിത്. അമ്മ എന്ന നിലയ്ക്ക് രമ്യ അനുഭവിച്ച മാനസിക സംഘർഷത്തിന്റെ ആഴം വളരെ വലുതാണ്. രമ്യയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഏത് സംഭവം ഉണ്ടായാലും അതിന്റെ വസ്തുതകളെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെയും മുൻപിൻ നോക്കാതെയും പരിണിതഫലങ്ങളെ കുറിച്ച് ആലോചിക്കാതെയും ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും ഏതറ്റം വരെയും അവഹേളിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ധരിച്ച് വച്ചിരിക്കുന്ന ഒരുകൂട്ടം സൈബർ മനോരോഗികളുടെ “കരുതലിന്റെ” പരിണിതഫലമാണ് ഈ വാർത്ത.
രമ്യയെ ഇക്കൂട്ടർ എന്തൊക്കെ പറഞ്ഞു കാണുമെന്നും എങ്ങനെയൊക്കെ ദ്രോഹിച്ചിരിക്കുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഇതൊരു ഗൗരവതരമായ സാമൂഹ്യപ്രശ്നമാണ്. ആത്മഹത്യയോ ഉൾവലിയലോ നാട് വിടലോ ഒന്നും കൊണ്ടല്ല ഇതിനെ നേരിടേണ്ടത് എന്ന് നമ്മുടെ സ്ത്രീസമൂഹം തിരിച്ചറിയണം.
ഇത്തരം വൃത്തിക്കെട്ട മനുഷ്യർ കൂടെ ഉള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ബോധ്യത്തോടെ അതിനെയെല്ലാം അവഗണിച്ചും നേരിട്ടും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനാണ് തയ്യാറാകേണ്ടത്. ഇത്തരം സൈബർ അതിക്രമങ്ങൾക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉണ്ടാകേണ്ടതുണ്ട്.