ആറ് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നോയിഡയിലെ പാൻ ഒയാസിസ് റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. സൊസൈറ്റിയുടെ പരിസരത്തെ തെരുവു നായകൾക്ക് ദന്പതികൾ പതിവായി ഭക്ഷണം നൽകിയിരുന്നു. ഭക്ഷണം കൊടുത്ത് നായകളെ പരിപോഷിപ്പിക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ കയ്യേറ്റം ചെയ്തത്.
റെസിഡെൻഷ്യൽ സൊസൈറ്റി പരിസരത്ത് കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വിദ്യാർഥിനി. അപ്പോഴാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഒരു പറ്റം നായ്ക്കളെത്തി കുഞ്ഞിനെ കടിച്ച് കീറുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.
കുട്ടിയെ നായ കടിച്ച സംഭവത്തിനു ശേഷം ഉച്ചയ്ക്കും ദന്പതികൾ ഭക്ഷണവുമായെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ അവരെ ചോദ്യംചെയ്തു. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ശുഭം, സംഗലിത എന്നീവർക്കാണ് നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റത്. പോലീസെത്തിയാണ് നാട്ടുകാരിൽ നിന്ന് ഇരുവരേയും രക്ഷിച്ചത്.