മഞ്ചേരി : പേരമകളായ പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ വയോധികനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ഇരുപത്തിയൊന്നര വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
അതിജീവിതയുടെ പിതൃപിതാവായ 73കാരനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 നവംബർ, ഡിസംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നു പോയ കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്യുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
പോക്സോ ആക്ടിലെ രണ്ട് വകുപ്പുകളിലായി പത്ത് വര്‍ഷം വീതം കഠിന തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഇരുവകുപ്പുകളിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരം കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ആറു മാസം കഠിന തടവ് അനുഭവിക്കണം. ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വര്‍ഷം കഠിന തടവ് ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം ആറു മാസം തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്.
കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.എൻ മനോജ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ, കൊണ്ടോട്ടി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിരുന്ന വിജയ് ഭരത് റെഡ്ഡിയാണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. എ.എൻ. മനോജ് 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലെയ്സണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.