പാലക്കാട്: കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പുലിയെ മയക്കുവെടി വച്ചിരുന്നു.
വനംവകുപ്പ് വെറ്റിനറി ഡോക്ടര്‍ ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്. ഉച്ചയ്ക്ക് 12. 05 നാണ് മയക്കുവെടി വച്ചത്. എന്നാല്‍ മയക്കുവെടി ശരീരത്തില്‍ തട്ടിത്തെറിച്ചുപോയി. അല്പം മരുന്നു മാത്രമെ പുലിയുടെ ശരീരത്തില്‍ കയറിയിട്ടുള്ളെന്നാണ് നിഗമനം. എന്നാല്‍ പുലി അവശനായതിനാല്‍ രണ്ടാമത് വെടിവയ്ക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു.
ആദ്യം പുലിയെ വലയിട്ട് പിടിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ ആര്‍ആര്‍ടി സംഘം അടുത്തേക്ക് എത്തിയതോടെ പുലി വലിയതോതില്‍ ആക്രമണ സ്വഭാവം കാണിച്ചു. ഇതോടെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മാവിന്‍തോപ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പുലിയുടെ വയറ്റിലും കാലിലുമാണ് കമ്പി കുടുങ്ങിയത്. കാലിലെ കുടുക്ക് പുലി സ്വയം അഴിച്ചിരുന്നു. പുലി കുടുങ്ങിയതറിഞ്ഞ് പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.