കാട്ടാക്കട : കാട്ടാക്കടയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ മരണപ്പെട്ട യുവതിയുടെ പങ്കാളി കൂടിയായ പ്രതി എന്നു സംശയിക്കുന്ന പേരൂർക്കട സ്വദേശി രഞ്്ജിത്ത് തമിഴ്നാട്ടിൽ പിടിയിലായി. കാട്ടാക്കട ഡിവൈഎസ് പിയുടെ നേത്യത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച ഷാഡോ സംഘമാണ് ഇയാളെ കമ്പം തേനി ഭാഗത്തു നിന്നും കഴിഞ്ഞദിവസം പിടികൂടിയത്.
കമ്പം തേനി ഭാഗത്ത് ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഷാഡോ ടീം ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിന്റെ കാരണം ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂ എന്നും ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും കാട്ടാക്കട ഡിവൈഎസ്പി ജയകുമാർ അറിയിച്ചു.
ഇയാളെപേരൂർക്കട സ്വദേശി മായ മുരളിയെയാണ് മേയ് ഒന്പതിന് ഇവർ താമസിക്കുന്ന കാട്ടാക്കട മുതിയാവിള വാടക വീടിനോട് ചേർന്ന റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയുടെ കൂടെ താമസിച്ചിരുന്ന രഞ്ജിത്തിനെ സംഭവ ദിവസം മുതൽ കാണാതായതും ദുരൂഹതയാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
ഇതിനിടയ്ക്കാണ് ഇയാൾ ഓടിച്ചിരുന്ന ഓട്ടോ കാട്ടാക്കടയ്ക്ക് സമീപം ചൂണ്ടുപലകയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രഞ്ജിത്തിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ പേരൂർക്കടയിലെ ഹോട്ടലിൽ നിന്നും ആഹാരം കഴിക്കുന്നതിന്റെ സിസിടിവി ദ്യശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ശക്തമായതിനെ തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു കമ്പത്ത് എത്തി.
എട്ടു വർഷം മുമ്പ് മായാ മുരളിയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ശേഷം ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തുമായി ഒരുമിച്ചു താമസം തുടങ്ങിയത്. കാട്ടാക്കട മുതിയവിളയിൽ വാടക വീട്ടിലായിരുന്നു ഇരുവരുടേയും താമസം. ഇതിനിടെയാണ് മേയ് ഒന്പതിന് യുവതിയുടെ മൃതദേഹം വീടിനോട് ചേർന്ന റബ്ബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.