മുംബൈ: 2023-24 സാമ്പത്തികവർഷത്തിൽ കേന്ദ്രസർക്കാരിന് 2.11 ലക്ഷം കോടി രൂപയുടെ റിക്കാർഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇന്നലെ മുംബൈയിൽ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ നടന്ന റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ 608-ാമത് യോഗത്തിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. മുൻവർഷത്തേക്കാൾ 140 ശതമാനം വർധനവാണിത്.
2022-23 വർഷത്തിൽ റിസർവ് ബാങ്കിൽനിന്ന് കേന്ദ്രത്തിന് 87,416 കോടി രൂപയാണു ലാഭവിഹിതം ലഭിച്ചത്. 2023-24ൽ ഒരു ലക്ഷം കോടി രൂപയായിരിക്കും ലാഭവിഹിതമെന്നായിരുന്നു സൂചനകൾ. എന്നാൽ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി തുകയാണ് കഴിഞ്ഞവർഷത്തെ ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയർന്ന നിരക്കിലുള്ള അടിസ്ഥാന പലിശ നിരക്കുകളും ഉയർന്ന വിദേശനാണയ നിരക്കുകളും മികച്ച വരുമാനം നേടാൻ റിസർവ് ബാങ്കിനു സഹായകമായിട്ടുണ്ട്. ഇതാണ് റിസർവ് ബാങ്കിനെ കേന്ദ്രത്തിന് കൂടുതൽ ലാഭം നേടാൻ പ്രാപ്തമാക്കിയത്.
ഈ മിച്ച കൈമാറ്റം സർക്കാരിന്റെ ധനസ്ഥിതിയെ ശക്തിപ്പെടുത്തുക മാത്രമല്ല, ബജറ്റ് കമ്മി ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് സാന്പത്തികവിദഗ്ധർ പറയുന്നു. കേന്ദ്രസർക്കാരിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളിൽനിന്നും വൻ ലാഭമാണു കേന്ദ്രം പ്രതീക്ഷിക്കുന്നത്. 2022-23ൽ 13,804 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകളിൽനിന്ന് കേന്ദ്രത്തിന് ലാഭവിഹിതമായി ലഭിച്ചത്. ഈ വർഷം ലാഭവിഹിതത്തിൽ 30 ശതമാനം വർധനവുണ്ടാകുമെന്ന് കേന്ദ്രം കരുതുന്നു.