കേരളത്തിന്റെ സമുദ്രതീരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന 468 ഇനം മത്സ്യങ്ങളുള്ളതായി സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ നടത്തിയ ഏകദിന പഠന സര്‍വേയില്‍ കണ്ടെത്തി.
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തെ മനസിലാക്കാന്‍ നടത്തിയ സര്‍വേയിലാണു കണ്ടെത്തല്‍.
സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷനിലെ 55 പേരടങ്ങുന്ന സംഘമാണ് പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചയ്ക്ക് 12 വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള 26 ഹാര്‍ബറുകളില്‍ ഒരേസമയം സര്‍വേ നടത്തിയത്.
അയില, മത്തി, കൊഴുവ, ചെമ്മീന്‍, കൂന്തല്‍ തുടങ്ങിയ മത്സ്യങ്ങളെ കൂടാതെ ആഴക്കടല്‍ മത്സ്യങ്ങളായ വിവിധയിനം സ്രാവുകളുടെയും മറ്റ് അടിത്തട്ട് മത്സ്യയിനങ്ങളുടെയും സാന്നിധ്യം സര്‍വേയില്‍ കണ്ടെത്തി. മാത്രമല്ല മുമ്പ് രേഖപ്പെടുത്താത്ത ഏഴിനം പുതിയ മത്സ്യങ്ങളെയും ഗവേഷകര്‍ക്കു കണ്ടെത്താനായി.
സമുദ്രവിഭവങ്ങള്‍ ഭാവിതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര പരിപാലന രീതികള്‍ക്ക് ഏറെ പ്രയോജനകരമാണ് സര്‍വെയിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് പറഞ്ഞു.
സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങിയതായിരുന്നു സംഘം.