ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ക്ഷേത്രത്തിൽനിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. അന്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
ബെലഗാവിയിലെ ഹൂളികട്ടി ഗ്രാമത്തിലെ ഭിരേശ്വർ, കരേമ്മ മേളയിൽനിന്നു പ്രസാദം കഴിച്ച നിരവധി ആളുകൾക്കാണു വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആളുകളെ ധാർവാഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്രാമത്തിലെ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിലായിരുന്നു സംഭവം. പ്രസാദമാണോ, മറ്റെന്തെങ്കിലും മലിനജലം കുടിച്ചതുകൊണ്ടാണോ ഇത് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികൾക്കു പഴകിയ ഭക്ഷണം വിളമ്പി എന്നാരോപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്മെന്റിനെതിരേ കേസ് എടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണു മറ്റൊരു ഭക്ഷ്യവിഷബാധ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യുന്നത്.