തിരുവനന്തപുരം: കേരളത്തെ ഇല്ലാത്ത പ്രളയത്തിൽ മുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളം പ്രളയത്തിൽ വലയുകയാണെന്ന തരത്തിലാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്.
കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ സൈബറിടങ്ങൾ ട്രോളുകൾ കൊണ്ട് ആറാടി. പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
അദ്ദേഹത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
‘ഇപ്പോൾ കണ്ടത് “2018” സിനിമയാണ്…തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ ബോധം പോകാതെ രക്ഷപ്പെടാം..!’- എന്നാണ് ശിവൻകുട്ടിടെ പരിഹാസം.
2018 സിനിമയിലെ രംഗത്തോടൊപ്പം ‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ…ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ…’എന്ന് കുറിച്ചുകൊണ്ടാണ് മേയർ ആര്യാ രാജേന്ദ്രന്റെ പരിഹാസം.