സംസ്ഥാനത്തെ നാലു ആനസങ്കേതങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. അന്തർസംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പിന്റെ ഭാഗമായാണു സംസ്ഥാനത്തും കണക്കെടുപ്പ് ആരംഭിച്ചത്.
ആനമുടി, നിലമ്പൂ ർ, പെരിയാർ, വയനാട് എന്നീ സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തുന്നത്. നാലു സങ്കേതത്തിലും നിരവധി ബ്ലോക്കുകളായി തിരിച്ചാണു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇന്നും നാളെയും കണക്കെടുപ്പ് തുടരും. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനപരിധിയിലെ വനങ്ങളിലും ഇതേദിവസംതന്നെ ആനകളുടെ കണക്കെടുക്കുന്നുണ്ട്.
ഇന്നലെ നേരിട്ടുള്ള രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലായിരുന്നു കണക്കെടുപ്പ് ഇന്ന് പരോക്ഷ കണക്കെടുപ്പായ ഡംഗ് കൗണ്ട് രീതിയിലും 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക. സംസ്ഥാനത്തെ ആനകളുടെ എണ്ണം സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ട് ജൂലൈ ഒൻപതിനു സമർപ്പിക്കും.