എടത്വ: പൊതുസ്ഥലത്തെ മദ്യപാനവും പോലീസിനു നേരെ കയ്യേറ്റവുമുണ്ടായ സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവടക്കം നാലുപേർ അറസ്റ്റിൽ. കോൺഗ്രസ് എടത്വാ മണ്ഡലം പ്രസിഡന്റ് അൽഫോൻസ് പനപറമ്പിൽ, കുര്യൻ പനപറമ്പിൽ, അമൽ കുര്യൻ, ജോർജ്കുട്ടി എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് എടത്വാ-തായങ്കരി റോഡിൽ തായങ്കരി യാർഡിന് സമീപം രണ്ടു കാറിലായി എത്തിയ സംഘം പരസ്യമായി മദ്യപിക്കുന്നതെന്ന പരാതിയെ തുടർന്ന് എടത്വാ പോലീസ് സ്ഥലത്തെത്തി. ഈ സമയം കാറിലുണ്ടായിരുന്ന സംഘം പോലീസിന് നേരെ തിരിയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.
പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ പേരിലും പൊതുസ്ഥലത്തെ മദ്യപാനത്തിനെതിരെയും ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിന് നാലു പേരേയും വിട്ടയച്ചു.