നായയെ പോലെ ജീവിക്കാൻ ആഗ്രഹിച്ച് 12 ലക്ഷം രൂപ മുടക്കി ഒരു നായ കോസ്റ്റ്യൂം ഉണ്ടാക്കി ധരിച്ച ടോക്കോ എന്ന യുവാവ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ജാപ്പനീസ് യുവാവിന് ഇപ്പോൾ തനിക്കൊരു പാണ്ടയോ അല്ലെങ്കിൽ ഒരു പൂച്ചയോ ആയി മാറണം എന്നാണ് പറയുന്നത്.
തന്റെ യൂട്യൂബ് ചാനലായ ‘I want to be an animal’ ൽ ഒരു നായയെ പോലെ താൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് ടോക്കോ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ ജീവിക്കുന്നത് വലിയ പ്രയാസമാണെന്നാണ് ഇപ്പോൾ ടോക്കോ പറയുന്നത്. ഇതിൽ ഏറ്റവും പ്രയാസകരമായി തോന്നിയത് നാല് കാലിൽ നടക്കുന്നതാണെന്നാണ് ടോക്കോ പറയുന്നത്. നായയുടെ കോസ്റ്റ്യൂം വൃത്തിയാക്കുന്നതും വലിയ പാടാണെന്നും യുവാവ് പറയുന്നു.
തനിക്ക് നായയെ പോലെ ആകാൻ മാത്രമല്ല ആഗ്രഹമെന്നും മറ്റ് മൃഗങ്ങളെ പോലെ ആകാനും ആഗ്രഹമുണ്ടെന്നാണ് ടോക്കോ പറയുന്നത്. പാണ്ടയും പൂച്ചയും കുറുക്കനും ഒക്കെയായി മാറാനും യുവാവിന് താൽപര്യമുണ്ട്.
ഈ ജാപ്പനീസ് യുവാവിന്റെ യഥാർഥ പേരും ഐഡന്റിറ്റിയും ആർക്കും അറിയില്ല. ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ യുവാവ് ആഗ്രഹിക്കുന്നുമില്ലന്നതാണ് സത്യം.