ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് കീഴടക്കിയാണ് സൺറൈസേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്.
നാളെ നടക്കുന്ന ഫൈനലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഹൈദരാബാദ് നേരിടും. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 175/9 (20). രാജസ്ഥാൻ റോയൽസ് 139/7 (20). ക്വാളിഫയർ ഒന്നിൽ ഹൈദരാബാദിനെ കീഴടക്കിയാണ് കോൽക്കത്ത ഫൈനലിൽ പ്രവേശിച്ചത്.
176 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് മധ്യ ഓവറുകളിൽ റൺസ് നേടാൻ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്. 35 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെലാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ 42 റൺസ് നേടി. സഞ്ജു (10), റിയാൻ പരാഗ് (6) എന്നിവർ നിരാശപ്പെടുത്തി.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ബൗളിംഗ് തെരഞ്ഞെടുത്തു. ഓപ്പണിംഗ് ബൗളിംഗിനെത്തിയ ട്രെന്റ് ബോൾട്ട് ആദ്യ അഞ്ച് പന്തിലായി 13 റണ്‍സ് വഴങ്ങി. എന്നാൽ, അവസാന പന്തിൽ അഭിഷേക് ശർമയെ (12) ടോം കോഹ്ലറിന്റെ കൈകളിലെത്തിച്ച് ആദ്യ പ്രഹരമേൽപ്പിച്ച
മൂന്നാം നന്പറായി എത്തിയ രാഹുൽ ത്രിപാഠിയുടെ (15 പന്തിൽ 37) കടന്നാക്രമണത്തിനും ബോൾട്ടാണ് വിരാമമിട്ടത്. യുസ്വേന്ദ്ര ചഹലിനായിരുന്നു ക്യാച്ച്. ഒരു പന്തിന്റെ ഇടവേളയിൽ എയ്ഡൻ മാക്രത്തെയും (1) ബോൾട്ട് പുറത്താക്കി.
ഒരു വശത്ത് തുടർന്ന ട്രാവിസ് ഹെഡിനെ (28 പന്തിൽ 34) സന്ദീപ് ശർമ 10-ാം ഓവറിന്റെ അവസാന പന്തിൽ പറഞ്ഞയച്ചു. 34 പന്തിൽ 50 റണ്‍സുമായി സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോററായ ഹെൻറിച്ച് ക്ലാസനെ സന്ദീപ് ബൗൾഡാക്കുകയും ചെയ്തു.
19-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ക്ലാസനെ സന്ദീപ് പുറത്താക്കിയത്. ഇതിനിടെ നിതീഷ് കുമാർ റെഡ്ഡി (5), അബ്ദുൾ സമദ് (0), ഷഹ്ബാസ് അഹമ്മദ് (18) എന്നിവരുടെ വിക്കറ്റ് ആവേശ് ഖാൻ സ്വന്തമാക്കി. ബോൾട്ടും (3/45) ആവേശും (3/27) മൂന്ന് വീതവും സന്ദീപ് ശർമ (2/25) രണ്ടും വിക്കറ്റും സ്വന്തമാക്കി.