വൈപ്പിൻ: ചെറായി ബീച്ചിലെ അക്വാ വേൾഡ് എന്ന എക്സിബിഷൻ സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പല തവണകളായി 19,78,200 രൂപ വാങ്ങുകയും ഇതിൽ 10 ലക്ഷത്തോളം രൂപ തിരിച്ചു നൽകാതെ വഞ്ചിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. മൂത്തകുന്നം കൊട്ടുവള്ളിക്കാട് തിനയാട്ട് വീട്ടിൽ അനിഷാദ് (ഉല്ലാസ് 48) നെ മുനമ്പം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
സ്ഥാപനം ഇടയ്ക്ക് പഞ്ചായത്ത് അടപ്പിച്ചിരുന്നു. ഇതിനു മുമ്പായി ഈ സ്ഥാപനത്തിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി തൃശൂർ ആമ്പല്ലൂർ അരങ്ങൻ വീട്ടിൽ കിരൺ രമേഷിന്റെ പക്കൽ നിന്നാണത്രേ പണം വാങ്ങിയത്. സ്ഥാപനത്തിൽ പങ്കാളിയാക്കിയെങ്കിലും പിന്നീട് ഇരുവരും തമ്മിൽ ചില വാക്ക് തർക്കങ്ങൾ ഉണ്ടാകുകയും കിരണിനെ ഒഴിവാക്കുകയും ചെയ്തത്രേ.
എന്നാൽ ഷെയർ പണത്തിൽ ബാക്കി 10 ലക്ഷത്തോളം രൂപ തിരിച്ചു നൽകാതെയാണ് ഇയാളെ സ്ഥാപനത്തിൽനിന്നും പുറത്താക്കിയത്രേ. തുടർന്ന് കിരൺ മുനമ്പം ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ മുനമ്പം സിഐ എം. വിശ്വംഭരനാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.