തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്യു മേഖലാ ക്യാമ്പിലുണ്ടായ സംഘർഷത്തിൽ പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.
തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു എന്ന കുറിപ്പോടെ ധീം തരികിട തോം എന്ന ചിത്രത്തിൽ അടികൊണ്ട് ദേഹം മുഴുവൻ പ്ലാസ്റ്ററിട്ട് പോകുന്ന ജഗതി ശ്രീകുമാറിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ആർഷോയുടെ പരിഹാസം.
ഇന്നലെ രാത്രിയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിൽ സംഘർഷം ഉണ്ടായത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത്
ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിന്റെ വീഡിയോ ഫോണിൽ പകർത്തിയിരുന്നു. പക്ഷേ നേതാക്കളെത്തി അത് ഡിലീറ്റ് ചെയ്യിപ്പിച്ചു. മർദനമേറ്റവർ പരാതിയില്ലെന്നും മർദനമേറ്റിട്ടില്ലെന്നുമാണ് പറയുന്നത്. ചെറിയ വാക്കുതർക്കമാണ് നടന്നതെന്ന് സംഘർഷത്തിലേക്ക് പോയിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.